തമിഴ്‌നാട് :തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. ജൂൺ 27 നായിരുന്നു പറ്റാവൂർ സ്വദേശിയായ പനീറുമായുള്ള ലോകേശ്വരിയുടെ വിവാഹം. വിവാഹത്തിന് പനീറിൻ്റെ കുടുംബം പത്ത് പവനാണ് സ്ത്രീധനമായി ചോദിച്ചത്. അഞ്ച് പവൻ നൽകാമെന്ന് ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചെങ്കിലും നാല് പവൻ മാത്രമാണ് വിവാഹ സമയത്ത് നൽകാൻ കഴിഞ്ഞത്. നാല് പവന് പുറമെ ബൈക്കും വസ്ത്രങ്ങളും സമ്മാനമായി നൽകിയെങ്കിലും വിവാഹം കഴിഞ്ഞയുടൻ ബാക്കി സ്വർണം ആവശ്യപ്പട്ട് പീഡനം ആരംഭിക്കുകയായിരുന്നു.
ബാക്കി സ്വർണ്ണത്തിനായി ഭർതൃവീട്ടുക്കാർ ലോകേശ്വരിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കിയെന്നും ഇത് സംഘർഷത്തിൽ കലാശിച്ചതായും ആരോപിക്കപ്പെടുന്നു. എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് വരന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ച് എത്തിയിരുന്നു.അതേസമയം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ലോകേശ്വരിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആവഡി പോലീസ് പറഞ്ഞു.