വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി; കിരണ്‍കുമാറിന് ജാമ്യം

വിസ്മയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രതി നല്‍കിയിട്ടുള്ള അപ്പീലില്‍ വിധി വരുന്നതു വരെയാണ് ശിക്ഷ റദ്ദാക്കിയിരിക്കുന്നത്. അതുവരെ കിരന്‍കുമാറിന് ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരണ്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് വാദം. കേസില്‍ കിരണിനായി അഭിഭാഷകന്‍ ദീപക് പ്രകാശ് ഹാജരായി.
ജൂണ്‍ 21-നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.
പിന്നീട് കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *