തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിന് ജോയിന്‍റ് രജിസ്ട്രാർ സി. ഹരികുമാറിനെ രജിസ്ട്രാറുടെ ചുമതലയിൽനിന്നു മാറ്റി. ഭരണവിഭാഗത്തിന്റെ ചുമതലയിൽനിന്നും നീക്കിയിട്ടുണ്ട്. പകരം ജോയിന്‍റ് രജിസ്ട്രാർ മിനി കാപ്പനു ചുമതല നൽകി ഉത്തരവായി. ഡോ. കെ.എസ്. അനിൽകുമാറിനെ രജിസ്ട്രാർ പദവിയിൽനിന്നു നീക്കിയപ്പോൾ ഹരികുമാറിനായിരുന്നു ചുമതല നൽകിയത്.
സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ ഹരികുമാറിനെ നീക്കുമെന്ന് വിസി സിസ തോമസ് മുന്നറിയിപ്പുകൊടുത്തിയിരുന്നു. തുടർന്ന് ഹരികുമാർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് വിസിയുടെ നടപടി. ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ പുറത്താക്കിയ രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ വിഷയം അജണ്ടയില്‍ വരുന്നതിന് മുന്‍പേ വൈസ് ചാൻസലർ യോഗം പിരിച്ചുവിടുകയും ചെയ്തു. വൈസ് ചാൻസലർ പിരിച്ചുവിട്ട യോഗത്തില്‍ ഹരികുമാര്‍ പങ്കെടുക്കുകയും രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതു സര്‍വകലാശാല ചട്ടലംഘനമാണെന്ന് വൈസ് ചാൻസലർ സിസ തോമസ് ജോയിന്‍റ് രജിസ്ട്രാറോട് വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി പിരിച്ചുവിട്ട യോഗത്തില്‍ രജിസ്ട്രാര്‍ക്ക് പങ്കെടുക്കാന്‍ പാടില്ല. തന്നെയുമല്ല, സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാൻ പ്രവർത്തിക്കുകയും ചെയ്തുവെന്ന് വിസി കണ്ടെത്തിയ റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഗവർണർക്ക് വിസി വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതേസമയം, സിസ തോമിസിനെതിരേ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും ഡിവൈഎഫ്ഐയും രംഗത്തുവന്നു. രാജഭരണകാലത്തെപ്പോലെ പെരുമാറിയിൽ തലസ്ഥാനനഗരിയുടെ ചൂട് അറിയുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇടത് അനുകൂലികൾ വ്യക്തമാക്കി.