കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കര്‍ഷകരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകുന്നില്ലത്രെ! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകയുവാക്കള്‍ക്കു വധുവിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നു സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. കര്‍ഷകയുവാക്കള്‍ക്കു വധുവിനെ കിട്ടാത്ത സാഹചര്യം യാഥാര്‍ഥ്യമാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായം നല്‍പ്പതായിട്ടും അവിവാഹിതരായി തുടരുന്നവര്‍ ഒട്ടേറെയുണ്ട് കര്‍ണാടകയില്‍. യുവതികള്‍ കര്‍ഷകയുവാക്കളെ വിവാഹം കഴിക്കണമെന്ന് സമൂഹത്തിന്റെ വിവിധതുറകളിലുള്ളവര്‍ പറയുകയും ചെയ്തിരുന്നു. വിവാഹം നടക്കാത്ത യുവാക്കള്‍ വ്യത്യസ്ത സമരങ്ങളും നടത്തിയിട്ടുണ്ട്.
നിരവധി കര്‍ഷകയുവാക്കള്‍ വധുവിനെ കണ്ടെത്തിത്തരണമെന്ന് ബ്രോക്കര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവിധ മാട്രിമോണിയില്‍ സൈറ്റുകളിലും ബയോഡാറ്റ പങ്കുവച്ചവരും നിരവധിയാണ്. കര്‍ഷകുടുംബത്തിലെ പെണ്‍കുട്ടികള്‍ പോലും കര്‍ഷകയുവാക്കളെ വിവാഹം വിസമ്മതിക്കുകയാണെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ ഉയര്‍ന്ന ശമ്പളക്കാരായ സ്വകാര്യ കമ്പനി ജീവനക്കാരെയാണ് വിദ്യാഭ്യാസം കുറഞ്ഞ പെണ്‍കുട്ടികള്‍ പോലും ആവശ്യപ്പെടുന്നതെന്നും ബ്രോക്കര്‍മാര്‍ പറയുന്നു.
വധുവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസമ്പര്‍ക്ക പരിപാടികളിലും യുവാക്കള്‍ അപേക്ഷയുമായി എത്തിയ സംഭവം അടുത്തിടെ വാര്‍ത്തയായിരുന്നു. പത്തുവര്‍ഷത്തിലേറെ വധുവിനെ അന്വേഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ദീര്‍ഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാല്‍ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ചിലര്‍ പ്രദേശികമാധ്യമങ്ങളോടു പറഞ്ഞു.
കര്‍ഷകയുവാക്കളെ വിവാഹം കഴിക്കാന്‍ തയാറാകാത്ത പെണ്‍കുട്ടികളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ ധാര്‍വാഡിലെ ഒരുസംഘം യുവാക്കള്‍ തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വിവാഹം നടന്നുകിട്ടാന്‍ ദൈവപ്രീതിക്കുവേണ്ടി മാണ്ഡ്യയിലെ മദ്ദൂരില്‍ നിന്ന് ഒരുസംഘം യുവാക്കള്‍ ചാമരാജ്‌നഗര്‍ മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തിയതും രണ്ടുവര്‍ഷംമുമ്പാണ്. വര്‍ഷങ്ങള്‍ അലഞ്ഞിട്ടും വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമം കാരണം 2021ല്‍ നഞ്ചന്‍കോടില്‍ കര്‍ഷകയുവാവ് ജീവനൊടുക്കിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.