സുരക്ഷിതമായ നിക്ഷേപത്തിന് ഇടം തേടുകയാണെങ്കിൽ പോസ്റ്റ് ഓഫിസിലേക്ക് ചെന്നോളൂ. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകൾ സാധാരണക്കാർക്ക് മികച്ച പലിശ നിരക്കിൽ നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായി നിരവധി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി സ്കീമുകളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് നൽകുന്നത്.
പ്രതിമാസ നിക്ഷേപത്തിലൂടെ സമ്പത്ത് വർധിപ്പിക്കുന്നതിനും പലിശ ഇനത്തിൽ നല്ലൊരു തുക സമ്പാദിക്കുന്നതിനുമുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് റിക്കറിങ് ഡപ്പോസിറ്റ് ആഥവാ ആർഡിയാണ്. ഒരു നിശ്ചിത കാലാവധിയിൽ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന സ്കീമാണ് ആർഡി. വളരെ ജനപ്രിയമായൊരു നിക്ഷേപ പദ്ധതിയാണിത്. 100 രൂപ മുതൽ നിക്ഷേപം തുടങ്ങാമെന്നതാണ് പോസ്റ്റ് ഓഫിസ് ആർഡിയുടെ പ്രധാന സവിശേഷത. സാധാരണയായി 5 വര്‍ഷമാണ് ആർഡി നിക്ഷേപങ്ങളുടെ കാലാവധി.
ആര്‍ക്കൊക്കെ അക്കൗണ്ട് തുറക്കാം?
ഒരു മുതിര്‍ന്ന വ്യക്തിക്ക് അക്കൗണ്ട് തുറക്കാം
പരമാവധി മൂന്ന് മുതിര്‍ന്നവർ ചേർന്ന് ഒരു ജോയിന്റ് അക്കൗണ്ട് (ജോയിന്റ് എ, അല്ലെങ്കില്‍ ജോയിന്റ് ബി ഫോര്‍മാറ്റില്‍) തുറക്കാം
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ട് തുടങ്ങാം
മാനസിക അസ്വസ്ഥതയുള്ള വ്യക്തിയുടെ പേരില്‍ ഒരു രക്ഷിതാവിന് അക്കൗണ്ട് തുടങ്ങാം
പത്തോ അതില്‍ കൂടുതലോ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് സ്വന്തം പേരില്‍ പോസ്റ്റോഫീസ് ആര്‍ഡി സ്കീം തുറക്കാന്‍ സാധിക്കും.
ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം.
എത്ര രൂപ വരെ നിക്ഷേപിക്കാം?
ഈ സ്കീമിൽ പ്രതിമാസം നിക്ഷേപിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഇത് കൂടാതെ 10 രൂപയുടെ അധിക ഗുണിതങ്ങളായി നിക്ഷേപങ്ങള്‍ നടത്താം. എന്നാൽ പരമാവധി നിക്ഷേപത്തിനുള്ള പരിധിയില്ല.
പലിശ നിരക്ക്
ഏറ്റവും പുതിയ കണക്ക് പ്രകാരം, പോസ്റ്റ് ഓഫീസ് ആർഡികളുടെ പലിശ നിരക്ക് പ്രതിവർഷം 6.7 ശതമാനമാണ്. അക്കൗണ്ട് തുറന്ന തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷമാണ് കാലാവധി പൂർത്തിയാവുക. കാലാവധി പൂർത്തിയാവുമ്പോൾ പലിശ അടക്കം ചേർത്ത് പണം എടുക്കാം. നിക്ഷേപം തുടരണമെന്നുണ്ടെങ്കിൽ ബന്ധപ്പെട്ട പോസ്റ്റോഫീസില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ കാലയളവിലെ പലിശ നിരക്ക് അക്കൗണ്ട് തുറക്കുന്ന സമയത്ത് യഥാര്‍ഥ നിരക്കിന് തുല്യമായി തുടരും.
വായ്പ എടുക്കാനുള്ള സൗകര്യം
പോസ്റ്റ് ഓഫീസ് ആര്‍ഡി സ്കീം അക്കൗണ്ടില്‍ 12 തവണകളായി നിക്ഷേപിച്ച ശേഷം വായ്പാ സൗകര്യവും ലഭ്യമാണ്. അക്കൗണ്ട് നിര്‍ത്തലാക്കാതെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍ന്നാല്‍ അക്കൗണ്ടിലെ ബാക്കി ക്രെഡിറ്റിന്റെ 50 ശതമാനം വരെ നിക്ഷേപകന് വായ്പ ലഭിക്കും.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ എത്ര കിട്ടും?
ഒരു പോസ്റ്റ് ഓഫീസിൽ ആർഡിയിൽ 5 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ, അതായത് ദിവസവും 166 രൂപ ലാഭിച്ചാൽ നല്ലൊരു തുക സമ്പാദിക്കാനാകും. എല്ലാ മാസവും 5,000 നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് അത് 3 ലക്ഷമാവും. മൊത്തം പലിശ മാത്രം 56,830 രൂപയായിരിക്കും. ലഭിക്കുന്ന മെച്യൂരിറ്റി തുക 3,56,830 രൂപയായിരിക്കും.
കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കുമോ?
നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിനു മുന്നേ നിക്ഷേപം ക്ലോസ് ചെയ്യാൻ സാധിക്കും. അതായത് ഒരു ആർഡി അക്കൗണ്ട് തുറന്ന തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്ന അപേക്ഷാ ഫോം പോസ്റ്റ് ഓഫീസിൽ സമർപ്പിക്കാം. അതോടെ അക്കൗണ്ട് അവസാനിപ്പിക്കാം. എന്നാൽ നിങ്ങൾക്ക് ലഭിക്കേണ്ട പലിശ നിരക്ക് ലഭിക്കില്ല. സേവിങ്സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് ലഭിക്കും.