ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല; തെറ്റിദ്ധാരണ പരത്തരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഐസിഎംആറും എയിസും നടത്തിയ പഠനങ്ങളില്‍നിന്ന് കോവിഡ് 19 വാക്‌സീനും മുതിര്‍ന്നവരിലെ പെട്ടെന്നുള്ള മരണവും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസിഎംആറും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഇന്ത്യയിലെ കോവിഡ് വാക്‌സീനുകള്‍ സുരക്ഷിതമാണെന്നും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ജീവിതശൈലിയോ മറ്റു കാരണങ്ങളോ ആകാം പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഹൃദയസംബന്ധമായ കാരണങ്ങളാല്‍ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് ജീവിതശൈലിയോ കോവിഡാനന്തര സങ്കീര്‍ണതകളോ ഉള്‍പ്പെടെയുള്ളവ കാരണമാവാം എന്നാണ് പഠനത്തില്‍ വ്യക്തമായത്. കോവിഡ് വാക്‌സീന്‍ പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകള്‍ അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കപ്പെടുന്നതിമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്‌സിനുകളെ കുറുച്ച് തെറ്റായ രീതിയിലുള്ള പ്രചാരണം നടത്തുന്നത് ആരോഗ്യമേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അത് രാജ്യത്തിന്റെ ആരോഗ്യരംഗത്തെ താറുമാറാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി..

Leave a Reply

Your email address will not be published. Required fields are marked *