ഇലോണ്‍ മസ്‌ക് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിമാന ബില്ലായി പരിഗണിക്കുന്ന ‘ബിഗ് ബ്യൂട്ടിഫുള്‍ നികുതി ബില്‍ പാസാക്കി യുഎസ് സെനറ്റ്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ടൈബ്രേക്ക് വോട്ടിനാണ് ബില്‍ പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് സെനറ്റില്‍ അന്‍പതിനെതിരെ അന്‍പത്തിയൊന്ന് വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വോട്ടവകാശം വിനിയോഗിക്കുകയായിരുന്നു. ഇതോടെയാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായത്. ഇനി യുഎസ് കോണ്‍ഗ്രസും ബില്ലിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ശേഷം പ്രസിഡന്റ് കൂടി അംഗീകരിച്ചാല്‍ ബില്‍ നിയമമാകും.
നികുതി ഇളവുകളും ചെലവ് ചുരുക്കല്‍ ബില്ലുകളും ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സൈന്യത്തിനും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ തുക അനുവദിക്കുന്ന ബില്‍ കൂട്ട നാടുകടത്തല്‍ പദ്ധതിയും വ്യവസ്ഥ ചെയ്യുന്നുണ്ട്. മെഡികെയ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുളള ബില്ലാണ് യുഎസ് സെനറ്റില്‍ അവതരിപ്പിച്ചത്. ഡെമോക്രാറ്റ് അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുളള സെനറ്റിനുളളില്‍ ട്രംപിന്റെ ബില്‍ പാസായി.

ഈ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്ന് നേരത്തെ തന്നെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന ബില്ലെന്ന് വിശേഷിപ്പിച്ച മസ്‌ക് അനുകൂലിച്ച് വോട്ട് ചെയ്ത നിയമസഭാംഗങ്ങളെ വിമര്‍ശിച്ചു. ‘ഈ ബില്ലിന്റെ ഭ്രാന്തമായ ചെലവുകള്‍ കാണുമ്പോള്‍… നമ്മള്‍ ഒരു ഏകകക്ഷി രാജ്യത്താണ് ജീവിക്കുന്നതെന്ന് വ്യക്തമാണ് – പോര്‍ക്കി പിഗ് പാര്‍ട്ടി’ ബില്‍ പാസായതിന് പിന്നാലെ മസ്‌ക് എക്‌സില്‍ കുറിച്ചു.









