തിരുവനന്തപുരം: ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകൾക്കെതിരായ ഛത്തിസ്ഗഢിലെ അതിക്രമം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണ് . ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിനെതിരായ സംഘപരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്.
രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവർത്തിത്വത്തേയും സംഘപരിവാർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നത്. മലയാളികളായ കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉൾപ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്.
വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമം. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിർത്തു തോൽപ്പിക്കുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.









