കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ പ്രഖ്യാപിച്ചത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ജീവനക്കാർക്ക് മുപ്പത് ദിവസം വരെ അവധിയെടുക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സർവീസ് നിയമങ്ങൾ അനുസരിച്ച് മുപ്പത് ദിവസത്തെ അവധിയാണ് സർക്കാർ ജീവനക്കാർക്കുള്ളത്. ഇത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഏതിനും ഉപയോഗിക്കാം. മറ്റ് അർഹതയുള്ള അവധിക്ക് പുറമേയാണിത്. പ്രായമായ മാതാപിതാക്കളെ പരചരിക്കുന്നതിനായി ജീവനക്കാർക്ക് അവധി ലഭിക്കാൻ വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.
സാധാരണ നിലയിൽ സർക്കാർ ജീവനക്കാർ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നാണ് പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാൻ കഴിയുന്നില്ല എന്ന്. ഇതിന് പ്രത്യേക അവധി വേണമെന്നും പലരും ആവശ്യം ഉന്നയിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സർക്കാർ ചെയ്യുന്നത്.
മന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഇത് പുതിയ നിയമമോ അറിയിപ്പോ അല്ല. നിലവിലുള്ള അവധികളുടെ പട്ടികയിൽ വിശദീകരണം നൽകുക മാത്രമാണ് ചെയ്തത്.
1972 ലെ സെൻട്രൽ സിവിൽ സർവീസസ് നിയമമനുസരിച്ച് ജീവനക്കാരുടെ വ്യക്തിപരമായ കാരണങ്ങൾക്ക് മുപ്പത് ദിവസത്തെ ആർജിത അവധിയെടുക്കാം. 20 ദിവസം ശമ്പളത്തോടുകൂടി പാതി അവധി, എട്ട് ദിവസത്തെ കാഷ്വൽ അവധി, ഇത് കൂടാതെ വർഷത്തിൽ രണ്ട് ദിവസം നിയന്ത്രിതാവധിയും ഉണ്ടെന്ന് മന്ത്രി രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.
എന്നാൽ ഈ അവധി എല്ലാ വിഭാഗങ്ങൾക്കും ഇല്ല. അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് അധിക അവധിയ്ക്ക് അർഹതയുള്ളവരാണോ എന്നകാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് റെയിൽവേയിലേയും ആകാശവാണിയിലേയും അതുപോലുള്ള മറ്റ് വിഭാഗങ്ങളിലെയും താത്കാലിക ജീവനക്കാർക്ക് ഈ അവധിയ്ക്ക് അർഹതയില്ല.
സർക്കാർ വ്യവസ്ഥയനുസരിച്ച് ജീവനക്കാരുടെ അവധി ചാർട്ടിലേക്ക് എല്ലാവർഷവും ജനുവരി, ജൂലൈ മാസങ്ങളിലെ ഒന്നാം തിയതി അവധി മുൻകൂറായി ക്രെഡിറ്റ് ചെയ്യപ്പെടും. അവധിയെടുക്കുന്നതിനനുസരിച്ച് ഡെബിറ്റ് ചെയ്യുന്നതാണ് രീതി. അതത് കാലങ്ങളിൽ പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് നിർദേശങ്ങൾക്ക് അനുസരിച്ചാണ് ലീവിന്റെ രീതികളും എണ്ണവും ക്രമീകരിക്കാറുള്ളത്. നിലവിലെ രീതിയിൽ 12 കാറ്റഗറിയിലുള്ള അവധിയാണ് ജീവനക്കാർക്കുള്ളത്
സാധാരണ അവധി, പാതി ശമ്പളത്തോടെയുള്ള അവധി, കമ്യൂറ്റഡ് അവധി, അതത് ദിവസങ്ങിൽ മാത്രം എടുക്കാവുന്ന അവധി- ഇത് വേറൊരു ദിവസം എടുക്കാനാവില്ല, അസാധാരണ അവധി, പ്രസവാവധി അഥവാ പരിപാലന അവധി, കുഞ്ഞിനെ പരിപാലിക്കാനുള്ള അവധി, പഠനാവശ്യത്തിനുള്ള അവധി, ആരോഗ്യ പ്രശ്നങ്ങൾ – ഒടിവോ ചതവോ പറ്റിയാലുള്ള അവധി, ആരോഗ്യപ്രശ്നങ്ങളാൽ യാത്ര പറ്റാത്ത സമയത്ത് എടുക്കാവുന്ന അവധി( മെഡിക്കൽ അവധിക്ക് പുറമേ), ആശുപത്രിയിൽ അഡ്മിറ്റായാൽ മാത്രം ലഭിക്കുന്ന അവധി. ഇത് കൂടാതെ വകുപ്പ് അനുവദിക്കുന്ന അവധികളും ജീവനക്കാർക്ക് എടുക്കാം.
ഇപ്പോൾ രാജ്യസഭയിൽ മന്ത്രി രേഖാമൂലം അവധി സംബന്ധിച്ച് വിശദീകരണം നൽകി എന്നതുകൊണ്ട് ഇതേതെങ്കിലും പുതിയ അവധി പരിഷ്കരണമാണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. നേരത്തെയുള്ള അവധിയുടെ കാറ്റഗറിയിൽ വ്യക്തത വരുത്തുകമാത്രമാണ് ഇവിടെ. ഏതെല്ലാം തരത്തിൽ അത് ഉപയോഗിക്കണം എന്ന് ക്രമീകരിക്കുകയാണ്.









