ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് വനിത എത്തുമെന്ന് സൂചന. ഇന്ത്യാടുഡേ റിപ്പോർട്ട് അനുസരിച്ച് ഇക്കാര്യം വിശദമായ ചർച്ചചെയ്യുകയാണ് മുതിര്‍ന്ന നേതാക്കള്‍. നിര്‍മലാ സീതാരാമന്‍, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ എന്നീ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ബി ജെ പി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 2024 ജനുവരി വരെ നീട്ടിനല്‍കുകയായിരുന്നു. നിര്‍മലാ സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം ജെ.പി. നഡ്ഡയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷപദത്തിലെത്തുന്നപക്ഷം ദക്ഷിണേന്ത്യയില്‍ ബിജെപിയെ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍മലയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് തവണ കേന്ദ്രമന്ത്രി പദവിയിൽ ഉണ്ടായിരുന്ന നിർമല സീതാരാമന് പാർട്ടിയെ കൂടുതൽ അച്ചടത്തോടെ ഊർജ്ജ്വസ്വലമായി മുന്നോട്ട് കൊണ്ടുപോവാൻ കഴിയും എന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ
ആന്ധ്രപ്രദേശ് ബിജെപി മുന്‍ അധ്യക്ഷയായ പുരന്ദേശ്വരിയാണ് അധ്യക്ഷപദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരാള്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലും പുരന്ദരേശ്വരി ഉള്‍പ്പെട്ടിരുന്നു. രാജമുന്ദ്രിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഇവര്‍. നിർമല സീതാരാമൻ കേന്ദ്രമന്ത്രി പദത്തിൽ തുടരട്ടെ എന്ന് തീരുമാനിച്ചാൽ പരിഗണനയിലുള്ള ആദ്യപേരാണ് പുരന്ദരേശ്വരിയുടേത്. കേന്ദ്ര സർക്കാറുമായും മുതിർന്ന നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന പുരന്ദരേശ്വരി ബി ജെ പിയുടെ ഒന്നാം നിര നേക്കാളിൽ ഒരാളാണ്.
തമിഴ്‌നാട് നിയമസഭാംഗമാണ് അഭിഭാഷക കൂടിയായ വാനതി. കോയമ്പത്തൂര്‍ സൗത്തിനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. 1993-ല്‍ ബിജെപി അംഗമായതിന് പിന്നാലെ നിരവധി നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2020-ല്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷസ്ഥാനത്തെത്തിയിരുന്നു. 2022-ല്‍ ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയിലുമെത്തി. എന്നാൽ തമിഴ് നാട്ടിൽ നിന്ന് നിർമല സീതാരാമന്റെ പേര് പരിഗണനയിലുള്ളതിനാൽ വാനാതിയുടെ പേരിന് സാധ്യത കുറവാണ്. പക്ഷേ നേതൃപാടവവും ചടുലതയും വാനാതിയുടെ സാധ്യത നിലനിർത്തുന്നതാണ്.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത് ആര്‍എസ്എസ് ആണെന്നാണ് വിവരം. മഹാരാഷ്ട്ര, ഹരിയാണ, ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതില്‍ ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍ നല്‍കിയ പിന്തുണ ഏറെ പ്രധാനപ്പെട്ടതായിരുന്നു ഈ സാഹചര്യത്തിൽ സ്ത്രീകളുടെ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് നേതൃത്വം പ്രത്യേകം ഇടപെടൽ നടത്തിയിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിലാണ് അധക്ഷപദവിയിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് എന്നാണ് വിലയിരുത്തൽ. ദേശീയ അധ്യക്ഷപദത്തില്‍ ഒരു സ്ത്രീ എത്തുന്നപക്ഷം അത് ബിജെപിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായിരിക്കും.