കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദു മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പദവിയിൽ തുടരാന്‍ യോഗ്യയല്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വീണ ജോർജ് ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കി. മന്ത്രിയുടെ പി ആര്‍ പ്രൊപ്പഗാന്‍ഡ മാത്രമാണ് അവർക്കുള്ളത്.
കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇത് തന്നെയാണ് സ്ഥിതി. മരുന്നില്ല, നൂലില്ല, പഞ്ഞിപോലുമില്ല. പാവപ്പെട്ടവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ പുറത്തേക്ക് മരുന്ന് എഴുതിക്കൊടുക്കുന്നത് എവിടുത്തെ ഏര്‍പ്പാടാണ്. പിന്നെന്തിനാണ് സര്‍ക്കാര്‍ ആശുപത്രിയെന്നും സതീശന്‍ ചോദിച്ചു. സമയോചിതമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആരോഗ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മന്ത്രിമാര്‍ ആരും ബിന്ദുവിന്റെ വീട്ടില്‍ പോവുകയോ അവരെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയോ ചെയ്യാത്തതിനെയും വി ഡി സതീശന്‍ വിമര്‍ശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തില്‍നിന്നൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കണമെന്നും തുടങ്ങിയ ആവശ്യവും സതീശന്‍ ഉന്നയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് കൊലപാതകമാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ധാര്‍മികമായും നിയമപരമായും ഇനി ആരോഗ്യമന്ത്രിക്ക് തുടരാനാകില്ല. രക്ഷപ്രവര്‍ത്തനം രണ്ടേകാല്‍ മണിക്കൂര്‍ വൈകി. മുഖ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടും അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. സര്‍ക്കാരിനെ ന്യായീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിന്ദുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. സംഭവത്തെ കുറിച്ച് കളക്ടര്‍ തലത്തില്‍ ഉള്ള അന്വേഷണം പോരെന്നും ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും സണ്ണി ജോസഫും പറഞ്ഞു.
ബിന്ദുവിന്റെ മകളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ആ ഉതത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. ജില്ലാകലക്ടർ അല്ലാതെ സർക്കാർ പ്രതിനിധിയായി ആരും ആ വീട്ടിലേക്ക് എത്തിനോക്കുകപോലും ചെയ്യാത്തതിനെയും അതിരൂക്ഷ ഭാഷയിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചു..









