ഏഷ്യാ കപ്പ് പ്രതിസന്ധിയിലോ ??? ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കാന്‍ ബിസിസിഐ തീരുമാനം

ധാക്ക: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് പ്രതികരിച്ചതോടെ സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിന്‍റെ കാര്യവും പ്രസിന്ധിയിലാവും. ഈ മാസം 24 നാണു ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുയോഗം നടത്തുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുയോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായ പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‌വിയുടെ നിര്‍ബന്ധത്തില്‍ വേദി മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ തായാറായിട്ടില്ല.

ബിസിസിഐയുടെ ആവശ്യത്തോട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വേദി മാറ്റിയില്ലെങ്കില്‍ ഇന്ത്യ കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആറ് രാജ്യങ്ങളാണ് ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിൽ പങ്കെടുക്കുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ തന്നെ നടത്താന്‍ മെഹ്സിൻ നഖ്‌വി ബിസിസിഐക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൗൺസില്‍ യോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റിയാല്‍ മാത്രമെ ഏഷ്യാ കപ്പ് നടക്കാന്‍ സാധ്യതയുള്ളൂവെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.ഏഷ്യാ കപ്പില്‍ നിന്നും വനിതകളുടെ എമേര്‍ജിംഗ് ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്കരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2023ൽ പാകിസ്ഥാൻ വേദിയായ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ് നടത്തിയത്. പാകിസ്ഥാന്‍ വേദിയായ ചാമ്പ്യൻസ് ട്രോഫിയലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് ആയിരുന്നു വേദിയായത്.

ബിസിസിഐയെ പങ്കെടുപ്പിക്കാതെ യോഗത്തില്‍ എടുക്കുന്ന എന്ത് തീരുമാനവും ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *