ഷാരുഖ് ഖാനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; ‘കിംഗ്’-ന്റെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിട്ടില്ല

‘കിംഗ്’-ന്റെ ചിത്രീകരണവേളയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനു പരിക്കേറ്റെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിക്കു ഗുരുതരമല്ലെങ്കിലും കിംഗിന്റെ ഷെഡ്യൂളില്‍ കാലതാമസം നേരിട്ടതായും സെപ്റ്റംബറില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും വാര്‍ത്ത പ്രചരിക്കുന്നു. യുഎസിലേക്ക് പോകാനിരുന്ന കിംഗ് ഖാന്‍ പിന്നീട് യുകെയിലേക്ക് പോയെന്നും വിശ്രമിക്കുകയാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

എന്നാല്‍, അതെല്ലാം വസ്തുതാവിരുദ്ധമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതെല്ലാം വെറും കിംവദന്തികളാണെന്ന് കിംഗ് ഖാനുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ ദേശീയമാധ്യമത്തോടു പറഞ്ഞു. കിംഗിന്റെ സെറ്റില്‍ അപകടം സംഭവിച്ചോ എന്ന കാര്യത്തില്‍ ഇതുവരെ ഷാരുഖ് ഖാനോ അണിയറപ്രവര്‍ത്തകരോ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

കിംഗിന്റെ സെറ്റില്‍ ഷാരുഖ് ഖാന്റെ നടുവിന് പരിക്കേറ്റെന്നായിരുന്നു അഭ്യൂഹങ്ങള്‍. നേരത്തെ പല ഷൂട്ടിങ്ങിനിടയിലും പരിക്കേറ്റിട്ടുണ്ടെന്നും അതെല്ലാം ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ടെന്നും കിംഗിന്റെ സെറ്റില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് താരത്തിന്റെ കുടുംബവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. ചികിത്സയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി അദ്ദേഹം യുഎസ് സന്ദര്‍ശിക്കാറുണ്ട്.

ജൂലൈ രണ്ടാം വാരത്തില്‍ അദ്ദേഹം അമേരിക്കയിലേക്ക് പോയതായും ഈ മാസം അവസാനത്തോടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങള്‍ വെളിപ്പെടുത്തി. നേരത്തെയും ഷൂട്ടിംഗിനിടെ അദ്ദേഹത്തിന്റെ മൂക്കിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഷൂട്ടിംഗില്‍ സംഭവിച്ച പരിക്കല്ല, മൂക്കിന് ആവശ്യമായ ചെറിയ ശസ്ത്രക്രിയയായിരുന്നു അന്നു നടന്നത്.

പത്താന്‍ സിനിമയ്ക്കുശേഷം എസ്ആര്‍കെയും സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് കിംഗ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഒരുങ്ങുന്നത്. 2023ല്‍ ദി ആര്‍ക്കീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച എസ്ആര്‍കെയുടെ മകള്‍ സുഹാന ഖാനും കിംഗില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപുര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വാര്‍സി, അഭയ് വര്‍മ തുടങ്ങിയ വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്. 2026 ഒക്‌ടോബറിനും ഡിസംബറിനും ഇടയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *