മനുഷ്യതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യരാശിയെ ശാശ്വതമായി നശിപ്പിക്കുമെന്ന് ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണഫലങ്ങൾ പ്രവചിക്കുന്നു. എജിഐയുടെ വൻതോതിലുള്ള ആഘാതം കണക്കിലെടുക്കുമ്പോൾ, ഗുരുതരമായ ദോഷത്തിനു സാധ്യതയുള്ളതായി പ്രതീക്ഷിക്കുന്നു. മനുഷ്യരാശിയെ ശാശ്വതമായി നശിപ്പിക്കുന്ന അസ്തിത്വപരമായ അപകടസാധ്യതകളിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്. എജിഐ എങ്ങനെ മനുഷ്യരാശിയുടെ വംശനാശത്തിനു കാരണമാകുമെന്നു പ്രത്യേകം പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിനു ഗൂഗിളും മറ്റ് എഐ കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധനടപടികളിലാണ് ഡീപ് മൈൻഡ് സംഘത്തിന്റെ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അപകടസാധ്യത നാലു പ്രധാന വിഭാഗങ്ങളിൽ
എഐയുടെ അപകടസാധ്യതകളെ നാലായി പഠനം വേർതിരിക്കുന്നു. ദുരുപയോഗം, തെറ്റായ ക്രമീകരണം, തെറ്റുകൾ, ഘടനാപരമായ അപകടസാധ്യതകൾ എന്നിങ്ങനെ. ദുരുപയോഗം തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡീപ് മൈൻഡിന്റെ അപകടസാധ്യതാ ലഘൂകരണ തന്ത്രത്തെയും ഇത് എടുത്തുകാണിക്കുന്നു. അവിടെ ആളുകൾക്കു മറ്റുള്ളവരെ ദ്രോഹിക്കാൻ എഐ ഉപയോഗിക്കാൻ കഴിയും.
മുന്നറിയിപ്പ്
മനുഷ്യരെക്കാൾ ബുദ്ധിമാനോ, മിടുക്കനോ ആയ എജിഐ അടുത്ത അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിനുള്ളിൽ ഉയർന്നുവരാൻ തുടങ്ങുമെന്ന് ഗവേഷകർ പറഞ്ഞു. എജിഐയുടെ വികസനത്തിനു മേൽനോട്ടം വഹിക്കാൻ യുണൈറ്റഡ് നേഷൻസ്(യുഎൻ)പോലുള്ള വിദഗ്ധർ വാദിക്കുന്നു. എജിഐയ്ക്ക് വേണ്ടി, യൂറോപ്യൻ ഓർഗൈനേഷൻ ഫോർ ന്യൂക്ലിയർ റിസെർച്ച് (സിഇആർഎൻ) മാതൃകയിൽ ഒരു ഓർഗനൈഷേൻ വേണമെന്നു വാദിക്കുന്നു. അതിനർഥം, എജിഐ വികസനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര ഗവേഷണകേന്ദ്രീകൃത ഉന്നത സഹകരണമാണ് ഉദ്ദേശിക്കുന്നത്.
സംഘടന
സുരക്ഷിതമല്ലാത്ത പ്രോജക്ടുകൾ നിരീക്ഷിക്കുന്നതിനും ഇടപെടലുകൾ നടത്താനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) പോലുള്ള ഒരു സ്ഥാപനവുമായി എജിഐ ഗവേഷണം സഹകരിപ്പിക്കേണ്ടതുണ്ട്. ഈ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നും വിന്യസിക്കണമെന്നും നിർദ്ദേശിക്കുന്ന; യുഎൻ പോലുള്ള, ലോകരാജ്യങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സംഘടന വേണമെന്നും ഡീപ് മൈൻഡ് സംഘം അഭിപ്രായപ്പെടുന്നു. എഐ-യേക്കാൾ ഒരുപാട് ഉയരത്തിലാണ് എജിഐ. എഐ ടാസ്ക്-നിർദ്ദിഷ്ടമാണ്. മനുഷ്യബുദ്ധി പോലെ തന്നെ, വൈവിധ്യമാർന്ന ജോലികളിൽ പ്രയോഗിക്കാൻ കഴിയുന്ന ബുദ്ധിശക്തി കൈവരിക്കുക എന്നതാണ് എജിഐയുടെ ലക്ഷ്യം. ഒരു മനുഷ്യനെപ്പോലെതന്നെ വൈവിധ്യമാർന്ന മേഖലകളെ മനസിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിവുള്ള യന്ത്രസംവിധാനമായിരിക്കും എജിഐ.