എം.എസ്
എന്നെന്നും സർക്കാരിന്റെ കണ്ണിലുണ്ണിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഏതൊക്കെ വിവാദത്തിലും സർക്കാർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് പതിവ് കാഴ്ചയാണ്. മുൻപ് അജിത്ത് കുമാറിനെ ചുറ്റിപിണഞ്ഞ വിവാദം ആർ.എസ്.എസ് സർ സംഘ ചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയെന്നതായിരുന്നു. സംസ്ഥാന പൊലീസിന്റെ ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന എം.ആർ അജിത് കുമാറിന് ആർ,എസ്.എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്തിനെന്ന ചോദ്യമായിരുന്നു പ്രസക്തം. പിന്നാലെ പൂരം കലക്കൽ വിവാദത്തിൽ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി തന്നെ രംഗത്തെത്തി.
അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആഭ്യന്തര സെക്രട്ടറിയുടെ നടപടിയെത്തിയത്. തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ എം.ആർ അജിത്കുമാർ അന്വേഷണം നേരിടുമ്പോഴാണ് 12 വർഷമായി പിന്തുടരുന്ന ഹൈക്കോടതി വിധി ലംഘിച്ച് അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ക്ടർ സുഖയാത്ര. ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി വിജിലൻസിലേക്കും ഹൈക്കോടതി മുന്നാലെ വിഷയം എത്തിച്ചതോടെ അജിത് കുമാറിനെ സംരക്ഷിക്കാനുള്ള പുതിയ നീക്കവും തുടങ്ങി.
അതിൽ ഏറ്റവും ആക്ഷേപകരം ഹൈക്കോടതി വിധി മറികടന്ന് എ.ഡി.ജി.പി സന്നിധാനം വരെ നടത്തിയ ട്രാക്ടർ യാത്രയുടെ കുറ്റം പാവപ്പെട്ട പൊലീസ് ഡ്രൈവറുടെ തലയിൽ വച്ച കാഴ്ചയാണ്. ശബരിമലയിൽ ദേവസ്വത്തിനും കേരള പൊലീസിനുമായി സർവീസ് നടത്തുന്ന ട്രാക്ടറുകൾ സുലഭമാണ്, അപകട സാധ്യത കണക്കിലെടുത്താണ് 12 വർഷം മുൻപ് ട്രാക്ടറിലെ മനുഷ്യസഞ്ചാരം ഒഴിവാക്കിയത്. സന്നിധാനത്തേക്കുള്ള സാധനങ്ങളും നേദ്യത്തിനുള്ള പലചരക്ക് സംവിധാനങ്ങളുമല്ലാതെ ഗുഡ്സ് സർവീസിന് അപ്പുറം മറ്റൊന്നിനും ട്രാക്ടർ ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാൽ നടന്ന് കാല് തേഞ്ഞ എഡി.ജി.പിക്ക് വേണ്ടി ഈ ചട്ടം സൗകര്യപ്രദമായി മാറ്റുകയും ചെയ്തു. അവശാരയ അയ്യപ്പന്മാർക്ക് ഡോളി ( മനുഷ്യർ ചുമടേന്തുന്ന) സർവീസുകൾ അംഗീകൃത പ്രകാരം പ്രവർത്തിക്കുകയാണ്.
ഈ ഡോളി സർവീസിനാകട്ടെ 2000 രൂപ മുതൽ വരുന്ന ഫീസും വരികയുള്ളു. അത്യാവശ്യഘട്ടത്തിലേക്ക് ആംബുലൻസ് സൗകര്യവും സന്നിധാനത്തിന് താഴെ സ്വാമി അയ്യപ്പൻ റോഡിലായി സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം എല്ലാ സൗകര്യങ്ങളും ഒരുങ്ങുമ്പോൾ എന്തിനാണ് ട്രാക്ടറിനെ ആശ്രയിക്കുന്നത് എന്നതാണ് കേവല സംശയം. പരാതി എത്തിയതിന് പിന്നാല അന്വേഷണം എത്തിയപ്പോൾ ഇവിടുത്തെ സി.സി ടി വി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസിന്റെ വിചിത്രവാദം.
ശബരിമല പോലെ ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള സുരക്ഷാ മേഖലയായി കേന്ദ്രസേനയെ വിന്യസിക്കുന്ന ക്ഷേത്ര പരിസരത്തെ ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് എന്ത് തരം സുരക്ഷാ വീഴ്ചയാണ്? ആരാണ് ഈ വീഴ്ചയുടെ ഉത്തരവാദി. എ.ഡി.ജി.പിയെ സംരക്ഷിക്കാൻ സൗകര്യപൂർവം കള്ളകഥകൾ കണ്ടെത്തുമ്പോൾ ഊരാക്കുരുക്കായി കേരള പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും ഈ ചോദ്യങ്ങൾ മാറും. വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ട്രാക്ടറിലേക്ക് എ.ഡി.ജി.പി കയറുന്നത്. സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ടും സമർപ്പിച്ചു. ഞായറാഴ്ച നവഗ്രഹ പ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഡിജിപി ഇതേ ട്രാക്ടറിൽ തന്നെയാണ് പമ്പയിലേക്ക് തിരിച്ചുമടങ്ങിയത്.