‘സുശീലയുടെ ശബ്ദം എനിക്കു നന്നായി ഇണങ്ങും’: ഷീല

ലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നിത്യഹരിത നായികയാണ് ഷീല. എത്രയോ ഹിറ്റ് ഗാനങ്ങള്‍ക്ക് ആ മഹാനടി വെള്ളിത്തിരയില്‍ ജീവന്‍ നല്‍കി. പ്രണയം, വിരഹം, ആഘോഷങ്ങള്‍ അങ്ങനെയങ്ങനെ എത്രയോ സാഹചര്യങ്ങള്‍… തനിക്ക് ഏറ്റവും ഇണങ്ങുന്ന ഗായികയെക്കുറച്ച് ഷീല പറഞ്ഞ വാക്കുകള്‍.

‘മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കാന്‍ കഴിഞ്ഞത് എന്നും ഭാര്യമായി കരുതുന്നു. ആ കഥാപാത്രങ്ങള്‍ എനിക്കു നല്‍കിയ സംവിധായകരോടാണ് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നത്. പി. സുശീലയുടെ ശബ്ദം എനിക്കു നന്നായി ചേരും. സുശീല എനിക്കു വേണ്ടി പാടുമ്പോള്‍, ആ ഗാനരംഗം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ അതു കൂടുതല്‍ മികച്ചതാകാറുണ്ട്.

പാട്ടിനു വേണ്ടി പ്രത്യേക തയാറെടുപ്പുകള്‍ നടത്താറില്ല. എന്നാലും ചില ഒരുക്കങ്ങള്‍ മനസില്‍ നമ്മള്‍ നടത്തുമല്ലോ. പിന്നെ, കാര്യങ്ങള്‍ പറഞ്ഞുതരാന്‍ സംവിധായകന്‍ ഡാന്‍സ് മാസ്റ്റര്‍ തുടങ്ങിയവരൊക്കെ ഉണ്ടല്ലോ. പുതിയ സിനിമകള്‍ പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കുറഞ്ഞതായി തോന്നാറുണ്ട്. ചില സിനിമകളില്‍ പാട്ട് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റെുകളുടെ ബഹളമായി മാറി. പിന്നീട് ഓര്‍ത്തുപാടാന്‍ കഴിയാത്ത തരത്തിലേക്ക് പാട്ട് മാറിയിരിക്കുന്നു. ഇതു പ്രേക്ഷകരെ പാട്ടില്‍ നിന്ന് അകറ്റുമെന്നാണ് എനിക്കു തോന്നുന്നത്. അതേസമയം, നല്ല പാട്ടുകളും ഉണ്ടാകുന്നുണ്ട്

കാലഘട്ടത്തിനനുസരിച്ച് സിനിമ മാറിക്കൊണ്ടേയിരിക്കും. ഓരോ കാലഘട്ടവും അതിന്റേതായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ മാറ്റങ്ങളെയും ഞാന്‍ പോസിറ്റീവ് ആയി കാണുന്നു. ഇത് ടെക്‌നോളജിയുടെ കാലമാണ്. അത്യന്താധുനിക സാങ്കേതികവിദ്യയാണ് സിനിമ ഉപയോഗിക്കുന്നത്. അപ്പോള്‍ സിനിമ കൂടുതല്‍ ടെക്‌നിക്കലി പെര്‍ഫെക്ട് ആകും. അതു നമ്മുടെ സിനിമയെ ലോക നിലവാരത്തില്‍ എത്തിക്കും.

കഥ പറച്ചിലിന്റെ രീതികള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴത്തെ ചില സിനിമകളില്‍ വലിയ ക്ലൈമാക്‌സ് ഉണ്ടാകാറില്ല. അമാനുഷിക സംഘട്ടനരംഗങ്ങളും ആവശ്യമില്ല. അതതു കാലത്തെ മനുഷ്യബന്ധങ്ങളെ സിനിമ പ്രതിഫലിപ്പിക്കുന്നു. സിനിമ മാത്രമല്ല, എല്ലാ കലാരൂപങ്ങളും സാഹിത്യവും അങ്ങനെയാണ്. സിനിമ ഇപ്പോള്‍ തിയേറ്ററിലെ ബിഗ് സ്‌ക്രീനില്‍ മാത്രം കാണാവുന്ന കലാസൃഷ്ടിയല്ല. വിരല്‍ത്തുമ്പില്‍ സിനിമയുണ്ട്. സാങ്കേതിക വിദ്യ വളര്‍ന്നിരിക്കുന്നു. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയുടെ ഭാഗമാണ്. ഇതെല്ലാം സിനിമയുടെ ബിസിനസ് വര്‍ധിപ്പിക്കും…’ ഷീല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *