ദൈവം അടുത്ത നിമിഷം ഭൂമിയിലേക്കിറങ്ങിവരും എന്ന് തോന്നിപ്പിക്കുന്ന ചില പ്രദേശങ്ങള്‍ ഭൂമിയിലുണ്ട്. അതിലൊന്നാണ് ഹിമാലയൻ കുന്നുകളാൽ ചുറ്റപ്പെട്ട മന ഗ്രാമം.
കുറച്ചു വർഷം മുൻപ് വരെ ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്നാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി മന ഗ്രാമം സന്ദർശിച്ചതിനു ശേഷം അതിർത്തി ഗ്രാമങ്ങളെ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം ആക്കണം എന്ന നിർദേശം കൊണ്ട് വന്നു. ഇതോടെ ഇന്ത്യയുടെ അവസാന ഗ്രാമം ആദ്യ ഗ്രാമം ആയിമാറി. ഉത്തരാഖണ്ഡിലെ ഇന്ത്യ-ടിബറ്റ് ബോര്‍ഡറിലെ ചമോലി ജില്ലയിലാണ് മന എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3200 മീറ്റർ ഉയരത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദരി നാഥ് ക്ഷേത്രത്തിൽ നിന്നും 3 കിലോമീറ്റർ അകലെ സരസ്വതി നദിയുടെ തീരത്താണ് ഈ ഗ്രാമം. ഭൂമിക്കടിയിലൂടെ മാത്രം ഒഴുകുന്ന സരസ്വതി നദി മന ഗ്രാമത്തിൽ കുറച്ചു ദൂരം മാത്രമാണ് കാണുന്നത്. നദിയുടെ ഉത്ഭവം എവിടെ ആണെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ചതുർധാമ ക്ഷേത്രങ്ങളിൽ ഒന്നായ ബദരി നാഥ് ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ മാത്രമേ തുറക്കുകയുള്ളൂ. മാർച്ച, ഭോട്ടിയ വംശങ്ങളിൽ പെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ. 2011 ലെ സെൻസസ് പ്രകാരം 1214 ആണ് ഇവിടുത്തെ ജനസംഖ്യ. ശൈത്യകാലത്ത്, പ്രദേശം മഞ്ഞുമൂടുന്നതിനാൽ മന നിവാസികൾ ജോഷി മഠിലേക്ക് പോകുന്നു.
ഭാരതത്തിന്റെ പുരാണവുമായി അടുത്ത ബന്ധം മന ഗ്രാമത്തിനുണ്ട്. സ്വർഗരോഹണ സമയത്തു ഹിമാലതിലേക്ക് പാണ്ഡവർ ഈ ഗ്രാമത്തി ലൂടെയാണ് പോയതെന്നാണ് വിശ്വാസം.
വ്യാസ ഗുഹ
വ്യാസൻ മഹാഭാരതം രചിച്ചത് ഈ ഗുഹയിൽ വെച്ചാണെന്ന് പറയപ്പെടുന്നു. അടുക്കുകളായി ഉയർന്നു പോകുന്ന മലയുടെ അടിത്തട്ടിലാണ് വ്യാസ ഗുഹ ഉള്ളത്.
ഭീം പാറ
മനയിലൂടെ യാത്ര ചെയ്യുമ്പോൾ സരസ്വതി നദിയ്ക്ക് കുറുകെ കാണുന്ന വലിയ പാറയാണ് ഭീം പാറ. പാണ്ഡവരിലെ ഭീമനാണ് ഈ പാലം നിർമ്മിച്ചത്. ഈ പാലത്തിലൂടെ പാണ്ഡവർ പരലോകത്തേക്ക് പോയതായി കരുതപെടുന്നു.
കൂടാതെ, ഗണേശ ഗുഹ സതോപാന്ത തടാകം, നീലകണ്ഠ പർവതം, തപ്ത് കുണ്ഡ്, മാതാ മൂർത്തി ക്ഷേത്രം, വസുധാരാ വെള്ളച്ചാട്ടം, ജോഷി മഠ്, ഒലി താഴ്‌വര എന്നിവയും മനയിലെ പ്രധാന ആകർഷണങ്ങൾ ആണ്. മന സന്ദർശിക്കാൻ അനുയോജ്യമായ സമയം. മെയ്-ജൂൺ മാസങ്ങൾ ആണ്. എന്നാലും നവംബർ ആദ്യം വരെ സന്ദർശിക്കാം.
എങ്ങനെ എത്തിച്ചേരാം
മനയിലെത്താൻ റോഡാണ് ഏക മാർഗം. ബദരീനാഥിൽ നിന്ന് സ്വകാര്യ ടാക്സിയിൽ ഇവിടെ എത്താം. ഋഷി കേശ്, ഹരിദ്വാർ എന്നിവയാണ് മനയുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ