വോട്ട് അട്ടിമറി കേരളത്തിലും? തൃശൂരിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് അട്ടിമറി ആരോപണം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും ചര്‍ച്ചയാകുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. തൃശൂര്‍ ലോക്‌സഭാ മമ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി. ബിജെപിയുടെ ഈ ജയത്തെ സംശയമുനമ്പില്‍ നിര്‍ത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചില കണക്കുകള്‍.

വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 14,83,055 ആണ്. 2019 ലെ ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ നിന്ന് 1,46,656 ന്റെ വര്‍ധനവ് ! 2019 ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 13,36,399 ആണ്.

2024 ല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് രേഖപ്പെടുത്തിയും തൃശൂരിലാണ്. രണ്ടാം സ്ഥാനത്തുള്ള വടകര ലോക്‌സഭാ മണ്ഡലവുമായി താരതമ്യം ചെയ്യുമ്പോള്‍ 11,023 വോട്ടര്‍മാര്‍ തൃശൂരില്‍ കൂടുതലുണ്ടായിരുന്നു. 2019 ല്‍ ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു തൃശൂര്‍. 2019 ല്‍ തൃശൂരിലെ ആകെ വോട്ടര്‍മാര്‍ 13,36,399 ആണ്. ഇത് 2024 ലേക്ക് എത്തിയപ്പോള്‍ 14,83,055 വോട്ടര്‍മാരാകുകയും ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ തൃശൂര്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 2019 ല്‍ നിന്ന് 2024 ലേക്ക് എത്തിയപ്പോള്‍ തൃശൂരില്‍ ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് 10.97 ശതമാനം വര്‍ധനവ്.

ആരോപണം

ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തൃശൂരിനെ ഉള്‍പ്പെടുത്തിയിരുന്നത്. സിനിമ താരം കൂടിയായ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി എത്തിയതോടെ തൃശൂരില്‍ ബിജെപി വിജയസാധ്യത കണ്ടു. സുരേഷ് ഗോപിക്കായി തൃശൂര്‍ മണ്ഡലത്തില്‍ വോട്ട് അട്ടിമറി നടന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ മറ്റു ജില്ലകളില്‍ നിന്ന് പോലും ആളുകളെ തൃശൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരെന്ന വ്യാജേന കാണിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നു. തൃശൂരിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ട് ക്രമക്കേട് നടന്നതിന്റെ തെളിവുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് വോട്ടുകള്‍ വ്യാജമായി ചേര്‍ക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ ഉദ്ധരിച്ച് ബിജെപിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നത്.

തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലം

ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃശൂരില്‍ ജയിച്ചത്. ആകെ ലഭിച്ച വോട്ടുകള്‍ 4,12,338. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാറിനു ലഭിച്ചത് 3,37,652 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനു ലഭിച്ചതാകട്ടെ 3,28,124 വോട്ടുകള്‍. 2019 ല്‍ സുരേഷ് ഗോപി തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. അന്ന് 2,93,822 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ജയിച്ചത്. 2024 ലേക്ക് എത്തിയപ്പോള്‍ 1,18,516 വോട്ടുകള്‍ സുരേഷ് ഗോപിക്ക് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *