വ്യാജ വോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: വ്യാജ വോട്ട് ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടിഎൻ പ്രതാപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിൽ സ്ഥിര താമസക്കാരനായ സുരേഷ് ഗോപി 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി തൃശൂരിലേക്ക് വോട്ട് മാറ്റി എന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

വോട്ട് ചേർക്കുമ്പോൾ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യ പ്രസ്താവനയും നൽകണം.തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തിരുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തൃശ്ശൂരിൽ സുരേഷ് ഗോപി നൽകിയ സത്യ പ്രസ്താവന രേഖ സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞു.

അതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് ഇരട്ട് വോട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ സുഭാഷ് ഗോപിയുടെ പേരുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്. വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. ഇതിനിടെ സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *