സാന്ദ്രാ തോമസിനെ അകറ്റിയത് അനിൽ തോമസ്? ചേംബറിൽ വൻ അഴിമതിയെന്നു സജി നന്ത്യാട്ട്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിനെതിരെ ചരട് വലിച്ചത് നിർമാതാവ് അനിൽ തോമസെന്ന ഗുരുതര ആരോപണവുമായി സജി നന്ത്യാട്ട്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ സിനിമ സംവിധാനംചെയ്യാന്‍ അനില്‍ തോമസ് സമീപിച്ചിരുന്നു. കഥകേട്ടശേഷം സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്ര പറഞ്ഞതോടെയാണ് അനില്‍ തോമസ് അവരെ പുറത്താക്കാന്‍ തീരുമാനിച്ചത് എന്നാണ് സജി നന്ത്യാട്ട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കിയ അയാൾ ഒന്നും അറിയാത്തെ പോലെ മാറി നിൽക്കുകയാണ് നിലവിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയർന്ന മുഴുവൻ വിവാദങ്ങളുടേയും സൂത്രധാരൻ ഇയാളാണ്.. മുഴുവന്‍ പ്രശ്‌നങ്ങളും ഉണ്ടാക്കിയത് അനിൽ തോമസാണെന്നും സജി നന്ത്യാട്ട് പറയുന്നു.

നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രാ തോമസിനെ പറത്താക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും സാന്ദ്രാ തോമസിനെ പുറത്താക്കുമ്പോള്‍ അവര്‍ അവരുടെ വഴിക്ക് നീങ്ങും, വലിയ പ്രശ്‌നങ്ങളായി മാറും. വലിയ വിഴുപ്പലക്കലായി മാറുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. സാന്ദ്രാ തോമസ് കേസുമായി പോയി വലിയ പ്രശ്‌നമായി. രണ്ടുംരണ്ട് വഴിക്ക് പോയി. അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.

അതില്‍ ഏറ്റവും നിരപരാധിയായ ആളാണ് ആന്റോ ജോസഫ്. അദ്ദേഹം പോലും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനായി. ആന്റോ ജോസഫിന്റെ പ്രതിച്ഛായ പോലും നഷ്ടപ്പെടുത്തിയത് അനിൽ തോമസിന്റെ ഗൂഢ നീക്കമാണ്. സിനിമാ വിതരണക്കാരുടെ അംഗത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തിയതിന്‌ പിന്നിലും അനില്‍ തോമസാണ് എന്നും സജി നന്ത്യാട്ട് ആരോപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്കുപോയി. അന്ന് രാത്രി അവിടെ ഈ ഗൂഢസംഘം ഒരു ഹോട്ടലില്‍ എന്നെ എങ്ങനെ ഫിലിം ചേംബര്‍ പ്രസിഡന്റ് ആക്കാതിരിക്കാം എന്ന കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു.

അധികാരമോഹികളും സാമ്പത്തിക ക്രമക്കേട് നടത്തുന്നവരുമുണ്ട്. ഇവര്‍ അടക്കി ഭരിക്കുമ്പോള്‍ അത് ചോദ്യംചെയ്യാന്‍ വന്നാല്‍ ഇല്ലാതാക്കുക എന്നത് അഞ്ചാറുപേരുടെ അജന്‍ഡയാണ്. അതിന് അവര്‍ നല്ല തിരിക്കഥ രചിക്കും. അനില്‍ തോമസ് എന്ന വ്യക്തി എവിടെ കയറിയാലും പ്രശ്‌നമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലേയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലേയും പ്രശ്നക്കാർക്കെതിരെ സംസാരിച്ചതോടെയാണ് തനിക്ക് ശത്രുക്കൾ കൂടിയതെന്നും സജി നന്ത്യാട്ട് പറയുന്നു.

സിനിമാ നിര്‍മാതാക്കള്‍ എന്ന് പറയുന്നവര്‍ പൊട്ടന്മാരല്ല. വിദ്യാഭ്യാസവും തറവാടിത്തവും അറിവും നന്നായി ചിന്തിക്കുന്നവരുമാണ്. നിര്‍മാതാക്കളുടെ സംഘടനയുടെ ബൈലോയില്‍ കുറേ വ്യക്തതക്കുറവുകളുണ്ട്. ബൈലോ ഭേദഗതി ചെയ്യേണ്ട സമയം കഴിഞ്ഞു. വ്യക്തതയില്ലായ്മകൊണ്ടാണ് രണ്ടുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നത്’, സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത് ചൂണ്ടിക്കാട്ടി സജി നന്ത്യാട്ട് പറഞ്ഞു. ഇന്നാണ് സാന്ദ്രയുടെ പത്രിക തള്ളിയതിൽ കോടതി വിധി വരിക.

നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ വൈകാരികമായി പ്രതികരിക്കുന്ന മനുഷ്യനാണ്. അദ്ദേഹം ഒരു ഭീകരനായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ജി. സുരേഷ് കുമാര്‍ ആണ്. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്നയാളാണ് അദ്ദേഹം. അതുവെച്ച് പ്രതികരിക്കുകയും ചെയ്യും. സ്വാഭാവികമായും പലര്‍ക്കും വേദനിക്കും.

ഇനിയും തുറന്നുപറയാത്ത നിരവധി രഹസ്യങ്ങൾ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് തന്റെ കൈവശമുണ്ട്. അത് പുറത്തുപറയാത്തത് സംഘടനയോടുള്ള അടുപ്പം കാരണമാണ്. പലതും തുറന്നുപറയാൻ തയ്യാറായാൽ പല കുടുംബങ്ങളും ഇല്ലാതാകും. സാന്ദ്രാ തോമസിന്റെ കൈയിലും പല രഹസ്യങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിൽ നിന്ന് അവരെ വിലക്കാൻ താൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് സജി നന്ത്യാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചേംബറിന്റെ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി ഒന്നേകാല്‍ കോടി രൂപ ചെലവായി. അതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് താൻ കണ്ണിലെ കരടായത്. ഇത്തവണ ചേംബർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആളാണ് അനിൽ തോമസ്. സജി നന്ത്യാട്ടും ഇതോ തസ്തികയിലേക്ക് മത്സരിക്കുന്നുണ്ട്.

നിലവിലെ സാഹചര്യമനുസരിച്ച് ചേംബറിന്റെ തലപ്പത്ത് ഇത്തവണ വരേണ്ടത് വിതരണക്കാരുടെ പ്രതിനിധിയാണ്. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ടേണായിട്ടാണ് ചേംബറിന്റെ തലപ്പത്തെത്തുന്നത്. ഇതിനിടെ ചില വിതരണക്കാരുടെ സംഘടനയിലെ അംഗത്വത്തിന് സജി നന്ത്യാട്ട് ചില വ്യജ രേഖകൾ നൽകിയത് വിവാദമായിരുന്നു. കാലാവധി അവസാനിക്കാൻ പത്ത് ദിവസം ബാക്കിയുള്ളപ്പോളാണ് രാജി.

Leave a Reply

Your email address will not be published. Required fields are marked *