വാഷിങ്ടൻ ഡിസി: പാക്ക് സൈനിക മേധാവി അസിം മുനീർ യുഎസിൽ നടത്തിയ ആണവ യുദ്ധ ഭീഷണിയെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. അസിം മുനീറിന്റെ പ്രസ്താവന തീരെ സ്വീകാര്യമല്ല. ഒസാമൻ ബിൻ ലാദനും ഐഎസും മുൻപ് നടത്തിയ പ്രസ്താവനകൾക്ക് സമാനമാണ് മുനീറിന്റെ പ്രസ്താവനയെന്നും പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്നും റൂബിൻ പറഞ്ഞു. അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ ഭീഷണി. ഇന്ത്യക്ക് അധിക തീരുവ ചുമത്തുന്ന വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന യുഎസുമായി പാകിസ്താൻ നിലവിൽ സൗഹൃദത്തിലാണ്. ഈ സൗഹൃദ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായി അസിം മുനീർ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണി മുഴക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ല, ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് നിർമ്മിച്ചാൽ അത് പൂര്‍ത്തിയായ ഉടന്‍ തന്നെ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നാണ് മുനീർ പറഞ്ഞത്.









