ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍(81) അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാന വാരമാണ് ഷിബു സോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനാണ്. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെനയിച്ചു.
18-ാം വയസ്സിൽ സന്താൽ നവ്യൂവക് സംഘം രൂപീകരിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. ആദ്യം 2005 ൽ 10 ദിവസം (മാർച്ച് 2 മുതൽ മാർച്ച് 12 വരെ), പിന്നീട് 2008 മുതൽ 2009 വരെയും, വീണ്ടും 2009 മുതൽ 2010 വരെയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ആയിരുന്നു. 1980 മുതൽ 1984 വരെയും, 1989 മുതൽ 1998 വരെയും, 2002 മുതൽ 2019 വരെയും സോറൻ പാർലമെന്റ് അംഗമായിരുന്നു. 2004 മുതൽ 2005 വരെയും, 2006 ൽ കേന്ദ്ര മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായും അദ്ദേഹം മൂന്ന് തവണ സേവനമനുഷ്ഠിച്ചു.
മകൻ ഹേമന്ത് സോറന്‍ നിലവിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാണ്.