തെറ്റിദ്ധരിപ്പിക്കുന്ന ഉൽപ്പന്ന വിവരങ്ങൾക്ക് കിടിലൻ ഫിൽട്ടറിംഗ്
പനാജി: ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ കൃത്രിമമായ ഉപഭോക്തൃ അവലോകനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉൽപ്പന്ന വിവരങ്ങളും ഒഴിവാക്കി ഡിജിറ്റൽ മാർക്കറ്റുകൾ കൂടുതൽ സുതാര്യമാക്കാൻ പുതിയ അൽഗോരിതം അവതരിപ്പിക്കും. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (GIM) ഗവേഷകരാണ് പുതിയ അൽഗോരിതം കൊണ്ടുവരുന്നതിനായി സമഗ്രമായ പഠനം നടത്തിയത്.
കമ്പ്യൂട്ടേഷണൽ മാനേജ്‌മെന്റ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസുകളിലെ അൽഗോരിതമിക് ബയസിന്റെയും സുതാര്യമല്ലാത്ത രീതികളുടെയും വർദ്ധിച്ചുവരുന്ന ആശങ്കകളെക്കുറിച്ചു പഠനം നടത്തിയതായി ഗവേഷകർ പറഞ്ഞു.
നിലവിലെ ഡിജിറ്റൽ മാർക്കറ്റുകൾ പലപ്പോഴും വരുമാനം സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുന്ന റാങ്കിംഗ് അൽഗോരിതങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് കൃത്രിമമായ ഉപഭോക്തൃ അവലോകനങ്ങൾ, തെറ്റായ പ്ലാറ്റ്‌ഫോം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്ന് ജിഐഎമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ ദീപങ്കർ ദാസ് പറഞ്ഞു.
ഇതിന്റെ ഫലമായി യഥാർത്ഥ വിൽപ്പനക്കാർക്ക് കൂടുതൽ സമയം കസ്റ്റമേഴ്സിലേക്ക് (ലിമിറ്റഡ് വിസിബിലിറ്റി ) എത്താൻ സാധിക്കാതെ വരുന്നു. തുടർന്ന് വിപണിയിലെ മത്സരം കൃത്രിമം നിറഞ്ഞതാകും. കൂടാതെ ഉപഭോക്താക്കൾക്കു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉൽപ്പന്ന വിവരങ്ങൾ ലഭിക്കാൻ കാരണമാകുന്നു ദീപങ്കർ ദാസ് കൂട്ടിച്ചേർത്തു.
ഉൽപ്പന്നങ്ങളുടെ റാങ്കിംഗിൽ സുതാര്യതയും നീതിയും കൊണ്ടുവരുന്നതിന് സാധ്യതയുള്ള ഓപ്ഷനാണ് പുതിയതായി വികസിപ്പിച്ച അൽഗോരിതം. വെണ്ടർമാരും പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള മത്സരത്തെ വ്യക്തമാക്കുന്നതിലൂടെ, നിർദ്ദിഷ്ട അൽഗോരിതം ഗൂഢമായ റാങ്കിംഗ് സ്വഭാവം കുറയ്ക്കുന്നതിനും തുല്യ വിപണി പ്രവേശനം ഉറപ്പാക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും പുതിയ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇ-കൊമേഴ്‌സ് സെർച്ച് എഞ്ചിനുകളിൽ ഈ പഠനം നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ദാസ് വിശദീകരിച്ചു. വികസിപ്പിച്ച അൽഗോരിതം ആഗോളതലത്തിൽ ഉയർന്നുവരുന്ന ആന്റിട്രസ്റ്റ് നിയന്ത്രണങ്ങളുമായി യോജിപ്പിച്ച് കൃത്യമായ പ്രതിരോധവും സുതാര്യതയും പ്രകടമാക്കിയെന്നും ദീപങ്കർ ദാസ് പറഞ്ഞു.
യൂറോപ്യൻ യൂണിയനിലും ഇന്ത്യയിലും ഉയർന്നുവരുന്ന ഡിജിറ്റൽ മാർക്കറ്റ് നിയമങ്ങൾക്ക് കീഴിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമ്പോൾ, ഡിജിറ്റൽ ഉൽപ്പന്ന റാങ്കിംഗിൽ നീതി തിരികെ കൊണ്ടുവരുന്നതിന് പുതിയ അൽഗോരിതം സഹായകരം ആവുമെന്നാണ് പ്രതീക്ഷ. കൂടാതെ പുതിയ അൽഗോരിതം ലാഭക്ഷമതയും നീതിയും ഉറപ്പാക്കുന്ന റാങ്കിംഗ് എഞ്ചിനുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിൽ പ്ലാറ്റ്‌ഫോം ആർക്കിടെക്റ്റുകളെ സഹായിക്കുമെന്നും ഗവേഷകർ ഉറപ്പു നൽകുന്നു.