ഗൂഗിളില്‍ തപ്പിയാല്‍ സൗബിന്‍ ഷാഹിറിന്റെ പഴയൊരു ഫോട്ടോ കാണാം. അമല്‍ നീരദ് ചിത്രം അന്‍വറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പൈപ്പും പിടിച്ചുനില്‍ക്കുന്ന സൗബിനെയാണ് കാണുക. അന്ന് അമല്‍ നീരദിന്റെ സഹസംവിധായകനാണ് സൗബിന്‍.
ഇന്നലെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. സാക്ഷാല്‍ രജ്‌നികാന്തിന്റെ ചിത്രത്തില്‍ സൗബിന്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു കഥാപാത്രമായിരിക്കുമെന്ന് പ്രതീക്ഷിച്ച മലയാളി ആരാധകരെല്ലാം ആ ട്രെയിലര്‍ കണ്ട് ഞെട്ടി. രജ്‌നികാന്ത്, നാഗാര്‍ജുന, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ട്രെയിലറില്‍ കസറിയിരിക്കുകയാണ് സൗബിനും. ട്രെയിലറില്‍ ഒരിടത്ത് രജ്‌നിക്കു നേരെ സൗബിന്‍ നില്‍ക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
സിദ്ദീഖ്, ഫാസില്‍, റാഫി മെക്കാര്‍ട്ടിന്‍, രാജീവ് രവി, അമല്‍ നീരദ് എന്നിവരുടെയെല്ലാം അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സൗബിനെ തേടി നല്ലൊരു കഥാപാത്രം എത്തുന്നത് 2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്. കായികാധ്യാപകനായ ശിവന്‍ സാര്‍ എന്ന കഥാപാത്രത്തെ സൗബിന്‍ മികച്ചതാക്കി.
ചാര്‍ലി, ചന്ദ്രേട്ടന്‍ എവിടെയാ, ലോഹം, റാണി പദ്മിനി എന്നീ ചിത്രങ്ങളിലൂടെ സൗബിന്‍ മലയാളത്തിനു കൂടുതല്‍ പരിചിതനായി. മഹേഷിന്റെ പ്രതികാരമാണ് സൗബിനു കരിയറിലെ ശ്രദ്ധിക്കപ്പെടാവുന്ന ഒരു ബ്രേക്ക് നല്‍കുന്നത്. ക്രിസ്പിന്‍ എന്ന രസികന്‍ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചതോടെ സൗബിനു സമാനമായ നിരവധി കഥാപാത്രങ്ങള്‍ പിന്നീടു ലഭിച്ചു.
വര്‍ഷങ്ങളോളം സഹസംവിധായകനായി ജോലി ചെയ്ത പരിചയസമ്പത്തുകൊണ്ട് 2017 ല്‍ സൗബിന്‍ സംവിധാനത്തിലും അരങ്ങേറ്റം കുറിച്ചു. സൗബിന്‍ സംവിധാനം ചെയ്ത ‘പറവ’ ആ വര്‍ഷത്തെ തിയറ്റര്‍ ഹിറ്റുകളിലൊന്നും ഏറെ നിരൂപക പ്രശംസ നേടിയ ചിത്രവുമായി. കഥാപാത്രങ്ങളുടെ ആവര്‍ത്തന വിരസത സ്വയം മനസിലാക്കി ‘പറവ’യില്‍ സൗബിന്‍ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. കോമഡി ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല അല്‍പ്പം ഗൗരവമുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് സൗബിന്‍ അടിവരയിട്ടു.
സുഡാനി ഫ്രം നൈജീരിയ, വൈറസ്, അമ്പിളി, ട്രാന്‍സ്, ചുരുളി തുടങ്ങിയ സിനിമകളിലെല്ലാം തിളങ്ങിയെങ്കിലും പിന്നീട് സൗബിന്റെ കരിയറില്‍ അടുത്ത ബ്രേക്ക് ലഭിക്കുന്നത് മമ്മൂട്ടി നായകനായ ‘ഭീഷ്മപര്‍വ്വത്തി’ലൂടെയാണ്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ കഥാപാത്രമായിരുന്നു സൗബിനു അമല്‍ നീരദ് ഭീഷ്മപര്‍വ്വത്തില്‍ നീക്കിവെച്ചത്. പിന്നീട് ഇലവീഴാ പൂഞ്ചിറ, രോമാഞ്ചം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയിലും നായകതുല്യമായ കഥാപാത്രങ്ങള്‍ സൗബിനെ തേടിയെത്തി.
കേവലം ഹാസ്യകഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അഭിനയത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറായതാണ് സൗബിനെ ഇപ്പോള്‍ ‘കൂലി’യില്‍ എത്തിച്ചിരിക്കുന്നത്. ദയാല്‍ എന്നാണ് ‘കൂലി’യില്‍ സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ട്രെയ്‌ലറില്‍ നിന്ന് ലഭിക്കുന്ന സൂചനകളും സിനിമയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും അനുസരിച്ച് ഒരു മലയാള നടന്‍ തമിഴില്‍ ചെയ്യുന്ന സാധാരണ ഒരു കാമിയോ കഥാപാത്രമല്ല സൗബിന്റേത്. രജ്‌നിക്കൊപ്പം സ്‌ക്രീന്‍സ്‌പേസ് ഉള്ള, നെഗറ്റീവ് ഷെയ്ഡുള്ള ബോള്‍ഡ് കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ‘ജയിലറി’ല്‍ വിനായകന്‍ ഞെട്ടിച്ചതുപോലെ ഇത്തവണ രജ്‌നിക്കൊപ്പം മലയാളി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള അവസരമാണ് സൗബിനു ലഭിച്ചിരിക്കുന്നതെന്നാണ് പ്രതീക്ഷ.