ധർമ്മസ്ഥല: ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ ഞെട്ടിപ്പിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. ഇതിനെത്തുടർന്ന് കർണാടകയിലെ ബെൽത്തങ്ങാടിയിൽ പൊതുജന പ്രതിഷേധം ശക്തമായി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ലഭിച്ച വിവരം അനുസരിച്ച് (ആർടിഐ) 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണ രജിസ്റ്ററിൽ (യുഡിആർ) നിന്നുള്ള എല്ലാ ഡാറ്റകളും ബെൽത്തങ്ങാടി പോലീസ് ആസൂത്രിതമായി ഇല്ലാതാക്കിക്കഴിഞ്ഞു. ഇക്കാലയളവിലാണ് സംശയാസ്പദവും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ മരണങ്ങളെക്കുറിച്ചുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നത്.
പൊതു പ്രവർത്തകനായ ജയന്ത് എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയിലാണ് വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചതിന് താൻ നേരിട്ട് സാക്ഷിയാണെന്ന് അവകാശപ്പെട്ട് ജയന്ത് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) പരാതി നൽകി. മൃതദേഹം സംസ്‌കരിച്ച സമയത്ത് നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും നിരവധി ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നുവെന്നും ജയന്ത് ആരോപിക്കുന്നു. ജയന്തിന്റെ പരാതിയിൽ എസ്‌ഐടി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിപ്രകാരം മൃതദേഹം പുറത്തെടുക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നു ജയന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പ് ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായവരുടെ വിവരങ്ങളും ഫോട്ടോകളും വിവരാവകാശ നിയമപ്രകാരം ജയന്ത് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, വാൾ പോസ്റ്ററുകൾ, നോട്ടീസുകൾ, തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ രേഖകളും ഭരണപരമായ ഉത്തരവുകൾ പ്രകാരം നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി.
ഓഗസ്റ്റ് 2-ന് എസ്‌ഐടിക്ക് നൽകിയ പരാതിയിൽ ജയന്ത് താൻ നേരിട്ട് സാക്ഷിയായ സംഭവത്തെക്കുറിച്ചു വിശദമായി പറഞ്ഞിട്ടുണ്ട്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും പേര് ഉൾപ്പടെ പരാതിയിലുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ, എല്ലാ നിയമ നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടു. ഒരു നായയെ കുഴിച്ചിടുന്നത് പോലെയാണ് അവർ മൃതദേഹം കുഴിച്ചിട്ടത്. ആ കാഴ്ച എന്നെ വർഷങ്ങളായി വേട്ടയാടുന്നുവെന്നും പരാതിയിൽ പറയുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷണം ഏറ്റെടുത്താൽ സത്യം വെളിപ്പെടുത്തുമെന്ന് രണ്ട് വർഷം മുമ്പ് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇപ്പോൾ ആ അവസരം വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഡാറ്റകൾ ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെ നശിപ്പിക്കാൻ കഴിയും എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ തന്നെ പ്രസക്തമായ രേഖകൾ നശിപ്പിച്ച ശേഷം സർക്കാർ അവയെ എങ്ങനെ വിശകലനം നടത്തും എന്നതും കണ്ടറിയണം. ഇതിന് പിന്നിലുള്ള ആളുകൾ ആരാണ്? ആരാണ് ഇതിനെ സ്വാധീനിക്കുകയും മറയ്ക്കുകയും ചെയ്യുന്നത്? കമ്പ്യൂട്ടറൈസ്ഡ് ബാക്കപ്പുകൾ ഉള്ളപ്പോൾ, അതിന്റെ പിൻബലമില്ലാതെ എല്ലാം നശിപ്പിച്ചതായി പൊലീസിന് എങ്ങനെ അവകാശപ്പെടാൻ കഴിയും? ചോദ്യങ്ങൾ ഏറെയാണ്. സമഗ്രമായ അന്വേഷിക്കണത്തിലൂടെ മാത്രമേ സത്യം പുറത്തു വരൂ.
അതേസമയം ധർമ്മസ്ഥലയിൽ നടന്ന കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ ഡിജിറ്റൽ മാധ്യമങ്ങളെ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും സമൂഹത്തിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളവയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര വെള്ളിയാഴ്ച പറഞ്ഞു.
1995 നും 2014 നും ഇടയിൽ ധർമ്മസ്ഥലയിൽ സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ ഒന്നിലധികം മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർബന്ധിതനായി എന്ന് ആരോപിച്ച് പേര് വെളിപ്പെടുത്താത്ത ഒരു മുൻ ശുചിത്വ തൊഴിലാളി ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന് തെളിവുണ്ടെന്ന് ആരോപിച്ച് തൊഴിലാളി മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു.









