ധർമസ്ഥല: അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി, കേസിൽ നിർണായക വഴിത്തിരിവ്

ബെംഗളൂരു: ഏറെ വിവാദമായ ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുന്നു. സ്ത്രീകളുടേതും പെൺകുട്ടികളുടേതുമടക്കം നിരവധി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് മുൻ സുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ കാണിച്ചുകൊടുത്ത ആറാമത്തെ പോയിന്റിൽ നിന്നുമാണ് ഇപ്പോൾ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. 

നേരത്തെ സാക്ഷി ചൂണ്ടികാണിച്ച അഞ്ച് പോയിന്റുകളിൽ നിന്ന് ശരീര ഭാഗങ്ങളൊന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ 13 പോയിന്റുകളാണ് ഇയാൾ കാണിച്ചുകൊടുത്ത് പൊലീസ് തെരച്ചിലിനായി അടയാളപ്പെടുത്തിയിട്ടുള്ളത്. നേത്രാവതി നദിക്കു സമീപവും വനത്തിലും റോഡരികിലുമൊക്കെയായാണ് ഇത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അസ്ഥി ഭാഗങ്ങൾ പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. 

നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. പത്ത് വർഷം മുൻപ് വരെ ഇത്തരത്തിൽ മൃതദേഹങ്ങൾ മറവ് ചെയ്തിട്ടുണ്ടെന്നും ഇതിൽ ലൈംഗീക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളടക്കം ഉണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിയെന്നും ഇയാൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. 

ചൊവ്വാഴ്ച, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരാതിക്കാരൻ ചൂണ്ടിക്കാണിച്ച സ്ഥലത്ത് എട്ട് അടി ആഴത്തിലും 15 അടി വീതിയിലും കുഴിച്ചെടുത്തു. മുമ്പ് അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ കുഴികളിൽ അസ്ഥികളൊന്നും കണ്ടെത്തിയില്ലെങ്കിലും, ഈ ആറാമത്തെ സ്ഥലം ഒരു പ്രധാന വഴിത്തിരിവായി മാറി. രണ്ടുദിവസമായി നടക്കുന്ന പരിശോധനയില്‍ ആദ്യമായാണ് അവശിഷ്ടം ലഭിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഫോറന്‍സിക് സംഘം കൂടുതല്‍ പരിശോധനയ്ക്കായി അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *