തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലകളിലെ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനം. എറണാകുളം, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന സർക്കാർ പുതിയ കലക്ടർമാരെ നിയമിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ. കെ വാസുകിയെയും തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസിനെയും നിയമിച്ചുകൊണ്ട് ഉത്തരവായി. അതേസമയം എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറായും ചുമതലയേറ്റെടുക്കും.
പൊതുവിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിയായി ഡോ. എസ് ചിത്ര, കൃഷി വകുപ്പ് അഡിഷണൽ സെക്രട്ടറിയായി വി.വിഘ്നേശ്വരിയും എത്തുന്നതാണ് മറ്റ് പ്രധാന മാറ്റങ്ങൾ. ഡോ. എസ് ചിത്ര തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും. ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനൽ സെക്രട്ടറിയായും നിയമിച്ച് ഉത്തരവായി. എ.ഗീതയെ ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ ചുമതലയിൽ നിയമിച്ചു. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.
എറണാകുളം ജില്ലാ കലക്ടറായി ജി പ്രിയങ്ക ചുമതലയേറ്റെടുക്കും. പാലക്കാട് എം.എസ് മാധവിക്കുട്ടിയും കോട്ടയത്ത് ചേതൻ കുമാർ മീണയുമാണ് പുതിയ കലക്ടർമാർ. ഇടുക്കി കലക്ടറായി ഡോ. ദിനേശൻ ചെറുവത്താണ് നിയമിതനായിരിക്കുന്നത്.
കൃഷി വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി വി വിഘ്നേശ്വരിയെ നിയമിച്ചു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പുതിയ ഡയറക്ടറാണ് ജോൺ വി സാമുവൽ. നിലവിൽ ന്യൂഡൽഹിയിലെ കേരള ഹൗസിൽ റസിഡന്റ് കമ്മീഷണറായ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അതേസമയം, 2023 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥരായ അഞ്ജീത് സിംഗ് (ഒറ്റപ്പാലം), അതുൽ സാഗർ (മാനന്തവാടി), ആയുഷ് ഗോയൽ (കോട്ടയം), ആര്യ വി.എം (ദേവികുളം), എസ് ഗൗതം രാജ് (കോഴിക്കോട്), ഗ്രാന്ദെ സായ്കൃഷ്ണ (ഫോർട്ട് കൊച്ചി), സാക്ഷി മോഹൻ (പെരിന്തൽമണ്ണ) എന്നിവരെ അതാത് പ്രദേശങ്ങളിൽ സബ് കലക്ടർമാരായും നിയമിച്ചും ഉത്തരവായി.