ന്യൂഡൽഹി: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച് സുനാമി തിരമാലകൾ. 19 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പം പ്രദേശത്ത് ശക്തമായി അനുഭവപ്പെടുകയായിരുന്നു. റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സുനാമി തിരമാലകൾ കയറിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റഷ്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു, എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തെത്തുടർന്ന് റഷ്യയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. സെവേറോ-കുറിൽസ്ക് പോലുള്ള പട്ടണങ്ങളിൽ ചില ഭാഗങ്ങളിൽ 3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നതിനാൽ അധികൃതർ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം തുടരുകയാണ്.
ജപ്പാനിലെ വടക്കൻ, കിഴക്കൻ തീരങ്ങളിലും കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൊക്കൈഡോയിൽ ഇതിനകം 30 സെന്റീമീറ്റർ വരെ ഉയരത്തിലാണ് തിരമാലകൾ തീരത്തേയ്ക്ക് ആഞ്ഞടിക്കുന്നത്. വലിയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മുൻകരുതൽ എന്ന നിലയിൽ തീരദേശ സമൂഹങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഗുവാം, മൈക്രോനേഷ്യ തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പസഫിക് സമുദ്രത്തിലെ മറ്റ് രാജ്യങ്ങളിലേക്കും സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഹവായിയിൽ, ചില പ്രദേശങ്ങളിൽ നിന്ന് അധികൃതർ ഒഴിഞ്ഞുപോകാൻ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ഉൾനാടുകളിലേക്കോ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലേക്കോ താമസക്കാരോട് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു.









