ദിവസം ഒന്നര രൂപ എടുക്കാനുണ്ടോ? ഏത് അപകടത്തിനും ചികിത്സ നേടാം

ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. അതിനാൽതന്നെ അപകട ഇൻഷുറൻസുകൾ ഇന്ന് വളരെയധികം ജനപ്രിയമായിട്ടുണ്ട്. വലിയ പ്രീമിയം തുക മുടക്കി അപകട ഇൻഷുറൻസിൽ ചേരാൻ കഴിയാത്തവർക്ക് വേണ്ടിയുള്ളതാണ് തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് പദ്ധതി. ദിവസം വെറും ഒന്നര രൂപ മാറ്റിവച്ച് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. റോഡപകടങ്ങൾക്കുമാത്രമല്ല, ഒന്നു തെന്നി വീണാലും പാമ്പു കടിയേറ്റാൽ പോലും ഈ പദ്ധതിയിൽ ചികിത്സ കിട്ടും.

എന്താണു പദ്ധതി?

തപാൽ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കാണ് (IPPB) കുറഞ്ഞ പ്രീമിയത്തിൽ എല്ലാത്തരം അപകടങ്ങൾക്കും ചികിത്സ ഉറപ്പാക്കുന്ന ഈ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. 550 രൂപ വാർഷിക പ്രീമിയത്തിൽ 10 ലക്ഷം രൂപയുടെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്കിൽപ്പെട്ട ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭിക്കും. മറ്റ് ആശുപത്രികളിലെ ചികിത്സാച്ചെലവ് റീ ഇംബേഴ്സ് ചെയ്തുകിട്ടും.

ആർക്കൊക്കെ ചേരാം?

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഉപയോക്താക്കൾക്കാണ് പദ്ധതിയിൽ അംഗത്വം ലഭിക്കുക. 200 രൂപയ്ക്ക് അക്കൗണ്ടു തുടങ്ങാവുന്നതാണ്. 18 മുതൽ 65 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. 65 വയസിനുശേഷം അംഗത്വം പുതുക്കാനുള്ള സൗകര്യവും ഭാവിയിൽ വന്നേക്കും.

എന്തൊക്കെയാണ് ആനുകൂല്യങ്ങൾ?

റോഡപകടങ്ങൾ, കാൽ വഴുതി വീഴുക, പൊള്ളലേൽക്കുക, ജന്തുക്കളുടെ ആക്രമണം മൂലം പരുക്കേൽക്കുക തുടങ്ങി എല്ലാത്തരം അപകടങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭിക്കും. ഉപയോക്താവ് മരിച്ചാലോ പൂർണവൈകല്യം സംഭവിച്ചാലോ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പരുക്കുപറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നാൽ ചികിത്സാച്ചെലവ് ലഭിക്കും. അഡ്മിറ്റ് ചെയ്തിട്ടുള്ള ചികിത്സയ്ക്ക് ഡോക്ടറുടെ നിർദേശമനുസരിച്ച് 1 ലക്ഷം രൂപവരെ അനുവദിക്കും. ഇതിനു പുറമേ 30 ദിവസംവരെ പ്രതിദിനം 500 രൂപ ലഭിക്കും.

ഒപി ചികിത്സയ്ക്ക് 30,000 രൂപവരെ ലഭിക്കും. ആയുർവേദ ചികിത്സയ്ക്ക് പരമാവധി 15 ദിവസത്തെ പ്രതിദിന അലവൻസ് മാത്രമാണ് കിട്ടുക. പ്രസവത്തിന് 25,000 രൂപ ലഭിക്കും. 21 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി 1 ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും.

5 ലക്ഷം രൂപയുടെ കവറേജ് മതിയെങ്കിൽ പ്രതിവർഷം 350 രൂപ പ്രീമിയം അടച്ചാൽ മതിയാകും. ഈ കവറേജിൽ ചില ആനുകൂല്യങ്ങൾ ലഭിക്കില്ല. ലഹരിവസ്തുക്കൾ ഉപയോഗിച്ചോ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചോ ഉണ്ടാകുന്ന അപകടങ്ങൾ, മനഃപൂർവമുണ്ടാക്കുന്ന അടിപിടി, കത്തിക്കുത്ത്, ആത്മഹത്യ തുടങ്ങിയവയ്ക്കും കവറേജ് കിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *