വഴി പിരിയാൻ റെനോയും നിസ്സാനും; കാരണം ഹോണ്ടയോ ?

റെനോയുടെ സാന്നിധ്യം വരാനിരിക്കുന്ന ലയനത്തിന് തടസ്സമായേക്കാം എന്നതാണ് ഹോണ്ടയുടെ വാദം

പ്രിയ ശ്രീനിവാസൻ

ന്യൂഡൽഹി: റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) ൽ നിന്നും നിസ്സാൻ വേർപിരിയുന്നു. സംയുക്ത സംരംഭത്തിൽ നിന്നും ജാപ്പനീസ് കമ്പനിയായ നിസ്സാന്റെ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ വാങ്ങാൻ ഫ്രഞ്ച് ഓട്ടോമൊബൈൽ കമ്പനിയായ റെനോ ഗ്രൂപ്പിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നിന്ന് (CCI) അനുമതി ലഭിച്ചു. അങ്ങനെ റെനോ ഈ ഇന്ത്യൻ കമ്പനിയുടെ 100 ശതമാനം ഓഹരി ഉടമയായി മാറും. ഈ വർഷം മാർച്ചിലാണ്, ആർ‌എൻ‌എ‌ഐ‌പി‌എല്ലിലെ നിസ്സാന്റെ 51 ശതമാനം ഓഹരികൾ വാങ്ങുമെന്ന് റെനോ ഗ്രൂപ്പ് പ്രഖ്യാപിച്ചത്.

നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡിന്റെ കൈവശമുള്ള ഇക്വിറ്റി ഓഹരികൾ പൂർണ്ണമായും പണമടച്ചുള്ള സീറോ-കൂപ്പൺ, നോൺ-കൺവേർട്ടബിൾ, റിഡീം ചെയ്യാവുന്ന പ്രിഫറൻസ് ഓഹരികൾ എന്നിവയാണ് റെനോ ഏറ്റെടുക്കുന്നതെന്ന് സിസിഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കമ്പനിയുടെ ചെന്നൈ പ്ലാന്റ് രണ്ട് ബ്രാൻഡുകളുടെയും വാഹനങ്ങൾ തുടർന്നും നിർമ്മിക്കും. ഇന്ത്യൻ -വിദേശ വിപണികളിൽ നിത്യ സാന്നിധ്യമാണ് റെനോ, നിസ്സാൻ വാഹനങ്ങൾ.

നിസ്സാൻ പൂർണമായും ഇല്ലാതാകില്ല

കരാർ പ്രാബല്യത്തിൽ വന്നാലും വരും വർഷങ്ങളിലും ഇന്ത്യൻ വിപണിയിലും കയറ്റുമതിയിലും നിസ്സാൻ ആർ‌എൻ‌എ‌ഐ‌പി‌എല്ലുമായി സഹകരിക്കുമെന്ന് റെനോ വ്യക്തമാക്കി. ഇതോടൊപ്പം, റെനോയുടെയും നിസ്സാനിന്റെയും മറ്റൊരു സംയുക്ത കമ്പനിയായ റെനോ നിസ്സാൻ ടെക്നോളജി ആൻഡ് ബിസിനസ് സെന്റർ ഇന്ത്യ (ആർ‌എൻ‌ടി‌ബി‌സി‌ഐ) മുകാലങ്ങളിലെ പോലെ തന്നെ പ്രവർത്തിക്കും. ഇതിൽ റെനോയുടെ വിഹിതം 51 ശതമാനവും നിസ്സാന്റേത് 49 ശതമാനവും ആയിരിക്കും.

ഹോണ്ട – നിസ്സാൻ ലയനം

ഒരു മാസം മുമ്പ് നടന്ന ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു ഹോണ്ട – നിസ്സാൻ ലയനം. അത് സാധ്യമായാൽ ആഗോള വാഹന വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നിന് അടിത്തറ പാകും. 2026 ഓടെ ലയനം നിലവിൽ വന്നേക്കാം. എന്നിരുന്നാലും, കരാർ രൂപപ്പെടുന്നതിന് മുമ്പ്, ഹോണ്ട നിസ്സാന് മുന്നിൽ ഗുരുതരമായ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

നിലവിലെ നിസ്സാൻ, റെനോ, മിത്സുബിഷി സഖ്യമാണ് ഹോണ്ട ഉന്നയിക്കുന്ന പ്രതിസന്ധി. ഹോണ്ടയും നിസ്സാനും ഉൾപ്പെടുന്ന പുതിയ സംരംഭത്തിന്റെ ഭാഗമാകാൻ മിത്സുബിഷി സമ്മതിച്ചിട്ടുണ്ടെങ്കിലും, റെനോയുടെ സാന്നിധ്യം വരാനിരിക്കുന്ന ലയനത്തിന് തടസ്സമായേക്കാം എന്നതാണ് ഹോണ്ടയുടെ വാദം.

ഇതുവരെ, ഹോണ്ടയോ നിസ്സാനോ ഏറ്റെടുക്കൽ സാധ്യതയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഏകദേശം 31,457 കോടി രൂപയുടെ കരാറാണിത്. നിസ്സാന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ ഇതൊരു വെല്ലുവിളി തന്നെയാണ്. ജാപ്പനീസ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ), നിസ്സാൻ പ്രവർത്തന ലാഭം വെറും 0.5% ആയിരുന്നു. ഇത് ഏകദേശം 90% വാർഷിക ഇടിവ് സൂചിപ്പിക്കുന്നു.

അതുകൊണ്ടു തന്നെ റെനോയുടെ ഓഹരികൾ വാങ്ങുന്നതിന് ആവശ്യമായ പണമോ മറ്റു ആസ്തികളോ നിസ്സാന് ഉണ്ടാവില്ല എന്ന് മനസിലാക്കാം. ഈ അവസരം റെനോ മുതലാക്കി എന്ന് വേണം കരുതാൻ. എങ്ങനെ ആയാലും ലയനത്തിലേക്ക് ഹോണ്ട മുന്നോട്ട് വെച്ച നിബന്ധന സാധ്യമാവുകയാണ്. വിദേശ സ്ഥാപനങ്ങൾ ഈ ഓഹരികൾ വാങ്ങാൻ ശ്രമിക്കുന്നതിനാൽ, നിസ്സാനിലെ റെനോയുടെ ഓഹരികളെക്കുറിച്ച് ഹോണ്ടയ്ക്ക് ആശങ്കയുണ്ടാകാം.

തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോൺ, നിസ്സാനിലെ റെനോയുടെ ഓഹരികൾ ഏറ്റെടുക്കാനുള്ള സാധ്യതകൾ അന്വേഷിക്കുന്നുണ്ടെന്ന് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആപ്പിൾ, മൈക്രോസോഫ്റ്റ് , ഡെൽ, സോണി, ഗൂഗിൾ, ആമസോൺ നിന്റെൻഡോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ പ്രമുഖ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, ഇലക്ട്രിക് വാഹന (ഇവി) ഈ ഏറ്റെടുക്കലിൽ താൽപ്പര്യപ്പെട്ടിരുന്നു. പക്ഷെ ഫോക്‌സ്‌കോണും നിസ്സാനും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ വിജയിച്ചില്ല.

1999-ൽ റെനോയും നിസ്സാനും ചേർന്നതോടെയാണ് റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യം നിലവിൽ വന്നത്. 2016-ലാണ് മിത്സുബിഷി സഖ്യത്തിൽ പങ്കാളിയായത്.

Leave a Reply

Your email address will not be published. Required fields are marked *