ഇന്ത്യൻ ടെക്കികൾക്ക് ജോലി കൊടുക്കരുത്; ഗൂഗിളിനും മൈക്രോസോഫ്റ്റിനും മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യൻ ടെക്കികൾക്ക് വൻ തിരിച്ചടിയാവുന്ന സ്വദേശവാദം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർക്ക് ജോലി നൽകരുതെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വൻകിട കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. ചൈനയിൽ ഫാക്ടറികൾ പണിയരുതെന്നും അമേരിക്കയിലെ മുൻനിര കമ്പനികളോട് ട്രംപ് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ കമ്പനികൾ സ്വദേശികൾക്കു ജോലി നൽകുകയും ഇവിടെത്തന്നെ കമ്പനികൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത്തരം കമ്പനികൾ നിയമനങ്ങൾ നടത്തുമ്പോൾ സ്വദേശികളെ അവഗണിക്കുന്ന പ്രവണത കണ്ടു വരുന്നു. രാജ്യത്തിന് പുറത്തു കൂടുതൽ നിക്ഷേപം നടത്തുന്നതും ശരിയല്ല എന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കൻ കമ്പനികൾ അമേരിക്കയുടെ വികസനത്തിന് പ്രാമുഖ്യം നൽകണം. ട്രംപിന്റെ കാലത്തു മറിച്ചു ചിന്തിക്കാമെന്നു കരുതേണ്ട എന്നുമാണ് ഭീക്ഷണി. വാഷിങ്ടണിൽ എഐ ഉച്ചകോടിയിൽ ആണ് ട്രംപിന്റെ പ്രസ്താവന. ബുധനാഴ്ച എഐയുമായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു. അതിൽ എഐ ഉപയോഗിക്കുന്നതിനുള്ള വൈറ്റ് ഹൗസ് ആക്ഷൻ പ്ലാനും ഉൾപ്പെടുന്നു.

വളരെക്കാലമായി, അമേരിക്കയുടെ ടെക് വ്യവസായത്തിന്റെ ഭൂരിഭാഗവും തീവ്രമായ ആഗോളവൽക്കരണം പിന്തുരുകയാണെന്നും അത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ അവിശ്വാസികളും വഞ്ചകരും ആക്കിയെന്നാണ് ട്രംപിന്റെ ആരോപണം.

ആപ്പിളിനോടും ടെസ്‌ലയോടും ഇന്ത്യയിലെ ഉൽപ്പാദനം നിർത്തലാക്കാനും ന്യൂഡൽഹിയുമായുള്ള വ്യാപാരത്തിലെ വ്യവസ്ഥകൾ കർശനമാക്കാനും ആവശ്യപ്പെട്ടു ട്രംപിന്റെ പരാമർശം വന്ന് ആഴ്ചകൾക്കകമാണ് പുതിയ നീക്കവുമായി ട്രംപ് എത്തിയിരിക്കുന്നത്. ആഗോളവൽക്കരണത്തിനെതിരായ ട്രംപിന്റെ പ്രസ്താവന ടെക് വിഭാഗങ്ങൾക്കിടയിൽ വലിയതോതിൽ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുകയാണ്.

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ വിതരണ ശൃംഖല കണക്കിലെടുക്കുമ്പോൾ ആഗോളവൽക്കരണം മാറ്റിനിർത്താനാവാത്തതാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ ടെക് കമ്പനികൾക്കെല്ലാം നിലവിൽ ഇന്ത്യക്കാരായ സിഇഒമാരാണുള്ളത്. ഇവയ്‌ക്കെല്ലാം ഇന്ത്യയിൽ വലിയ വ്യാപാര പ്രവർത്തനങ്ങളുണ്ടെന്ന് മാത്രമല്ല, ഇന്ത്യയെ ഒരു വലിയ വിപണിയായും കാണുന്നു.

അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ഇന്ത്യ പ്രകാരം, യുഎസ് കമ്പനികൾ ഇന്ത്യയിൽ 5 ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി സാധ്യത സൃഷ്ടിച്ചിട്ടുണ്ട്. 2024 ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 1,800 ഓഫ്‌ഷോർ കോർപ്പറേറ്റ് ഓഫീസുകൾ ഉണ്ടായിരുന്നു, അവയിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്. ഏകദേശം രണ്ട് ദശലക്ഷം ആളുകൾക്ക് ജോലി നൽകുന്നു. ഐബിഎം, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ഡെൽ തുടങ്ങിയ പ്രധാന കമ്പനികൾ ഇന്ത്യയിൽ വലിയ തൊഴിൽ സംരംഭം നിലനിർത്തുന്നു.

നിലവിൽ യു എസ് സാങ്കേതിക വ്യവസായ മേഖലയിൽ ഇന്ത്യക്കാർ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേഖലയിൽ ഏകദേശം 4 .4 മില്യൺ ആളുകൾ ഇന്ത്യക്കാരാണ്. 2013 ലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ കണക്കു പ്രകാരം 9 ,50,000 ഇന്ത്യൻ സയന്റിസ്റ്റുകൾ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്. 2003 നും 2013 നും ഇടയിൽ ഇക്കാര്യത്തിൽ 85 ശതമാനം വർദ്ധനവുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വളരെ ശക്തമായ വിദ്യാഭ്യാസ അടിത്തറയുള്ള ഇന്ത്യയുടെ നിലവിലെ പരിതസ്ഥിതിയിൽ സാങ്കേതിക പരിശീലനം നേടിയ നിരവധി ആളുകളാണ് ഓരോ വർഷവും പഠിച്ചിറങ്ങുന്നത്. അമേരിക്കയിലെ മികച്ച തൊഴിൽ അന്തരീക്ഷം ആളുകളെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. യു എസ് പ്രസിഡന്റിന്റെ പുതിയ നീക്കങ്ങൾ ഇന്ത്യൻ തൊഴിൽ അന്വേഷകരെ എത്രത്തോളം ബാധിക്കും എന്ന് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *