കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. വി. ശിവൻകുട്ടിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്റ്. വളരെ ദരിദ്രമായ ചുറ്റുപാടാണ് മിഥുന്റെത്. താമസ യോഗ്യമായ വീട് പോലും ഇല്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്.
കൂലിപ്പണിയാണ് മിഥുന്റെ അച്ഛൻ മനോജിന്. വീട് നിർമിക്കാനായി ലൈഫ് പദ്ധതിയിൽ പേര് കൊടുത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു, എബിവിപിയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ ബന്ദ്. ഇന്ന് രാവിലെയാണ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് ചെരുപ്പെടുക്കാൻ ഷീറ്റിന്റെ മുകളിൽ കയറിയപ്പോൾ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.
മുമ്പ് അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചിരുന്നില്ല. അപകടത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ മാതാപിതാക്കളും നാട്ടുകാരും സ്ഥലത്ത് പ്രതിഷേധവുമായി എത്തി. അതേസമയം വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറ പ്രതികരിച്ചത്.
രാവിലെ കുട്ടികൾ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളിൽ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്കൂൾ ടെറസിനോട് വളരെ ചേർന്നാണ് ലൈൻ കമ്പി പോകുന്നത്. കയറുന്നതിനിടെയിൽ അറിയാതെ കുട്ടി കമ്പിയിൽ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. അതേസമയം അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല എന്നാണ് ആരോപണം ഉയരുന്നത്.ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ രംഗത്തെത്തിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് ആദ്യ ഘട്ടത്തില്‍ 5 ലക്ഷം സഹായം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കെ.എസ്.ഇ.ബിയാണ് സഹായം നല്‍കുക. പിന്നീട് കൂടുതല്‍ തുക അനുവദിക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.