ജീവിതശൈലീരോഗങ്ങൾക്ക് അടിമയാകുന്നവർ വർധിച്ചുവരുന്ന കാലമാണിത്. ജീവിതശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ മരുന്നാണ് ഒരു വർഷം കൊച്ചു കേരളത്തിൽ വിറ്റഴിയുന്നത്. ഇംഗ്ലീഷ് മരുന്നു മാത്രമല്ല, മറ്റു ചികിത്സകളും തേടുന്നവരുണ്ട്. ചില സസ്യങ്ങൾക്കും ഫലങ്ങൾക്കും ജീവിതശൈലീരോഗങ്ങൾ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ഇത്തരത്തിലൊരു വിളയാണ് ആകാശവെള്ളരി.
ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്ന അപൂര്‍വ സസ്യവുമാണ് ആകാശവെള്ളരി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളില്‍ വളര്‍ത്താം. നമുക്കെല്ലാം സുപരിചിതമായ പാഷന് ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ടതാണ് ആകാശവെള്ളരി. ഔഷധഗുണത്തിലും അഗ്രഗണ്യനാണിത്. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ആഞ്ഞിലി മരങ്ങളില്‍ പടര്‍ത്തി വളര്‍ത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്. പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്.
രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാവുന്നതാണ്. പച്ച നിറത്തിലുള്ള കായ്കള്‍ വിളഞ്ഞു പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. പഴുത്ത കായ്കള്‍ മുറിക്കുമ്പോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്പും അകത്ത് പാഷന് ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും. പള്‍പ്പിന് നല്ല മധുരവുമുണ്ടാകും വെള്ളരിയെന്നാണ് പേരെങ്കിലും പാഷന് ഫ്രൂട്ടിന്റെ രുചിയില്‍ മാധുര്യമേറുന്ന ഈ പഴങ്ങള്‍ കൂടുതലും ജ്യൂസ് ആയാണ് ഉപയോഗിക്കപ്പെടുന്നത്. ജെല്ലി, ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും നല്ലതാണ് ഈ പഴങ്ങള്‍.
ഔഷധഗുണമുള്ള ആകാശവെള്ളരിയുടെ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ ദിവസവും കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകള്‍ ഒരു ഗ്ലാസ്സ് വെള്ളത്തിത്തിലിട്ട് തിളപ്പിച്ചെടുത്താല്‍ ഒരാള്‍ക്ക് ഒരു നേരം കുടിക്കാനുള്ള ഔഷധച്ചായ തയാറാക്കാം.