നിമിഷപ്രിയക്കായി ഇനിയൊന്നും ചെയ്യാനില്ല;സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്ന് കേന്ദ്രസർക്കാർ.പ്രതീക്ഷ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ

കുടുംബം ദയാധനം സ്വീകരിക്കുമോ എന്നതിൽ അവ്യക്തത

വധശിക്ഷയ്ക്ക് വിധിച്ച് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് അനൗദ്യോഗികമായി യെമന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണ്ണായക സമാന്തര സമവായ ചര്‍ച്ചകളും സജീവമാണ്. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും നിര്‍ഭാഗ്യകരമായ സാഹചര്യമാണ്. വധശിക്ഷ ഒഴിവാക്കാനുള്ള ബ്ലഡ് മണി സ്വകാര്യമായ ഇടപാടെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

ബ്ലഡ് മണി നല്‍കുന്നതിന് തയ്യാറെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഇടപെട്ടത് വലിയ പ്രതീക്ഷയാണ് കുടുംബത്തിന് നൽകുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കറുടെ നിര്‍ദ്ദേശപ്രകാരം നിര്‍ണ്ണായക ഇടപെടലുകള്‍ തുടരുകയാണ്. യെമനിലെ സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. കൊലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചർച്ചകളിലെ തീരുമാനം വന്ന ശേഷമേ ശിക്ഷാ വിധിയുടെ കാര്യത്തിൽ വ്യക്തത വരുത്താനാവുകയുള്ളൂ.

യെമനൽ ചേരുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, നിയമപാലകർ, നീതിന്യായ പ്രതിനിധികൾ മരിച്ച തലാലിന്റെ കുടുബം എന്നിവർ പങ്കെടുക്കുന്നു. ഈ യോഗം നിമിഷപ്രിയക്കും സമവായ ചർച്ചകൾ നടത്തുന്നവർക്കും ഏറെ നിർണായകമാണ്.

കാന്തപുരം കൊല്ലപ്പെട്ട യമൻ പൌരൻ തലാൽ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ദയാധനം നൽകാൻ നിമിഷപ്രിയയുടെ കുടുംബം തയ്യാറാണെന്നും അവർക്ക് മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മരിച്ചയാളുടെ കുടുംബം അനുകൂലമായ പ്രതികരിച്ചാൽ അത് വലിയ നേട്ടമാണ്. മോചനത്തിനായി ഇടപെടണമെന്ന് നേരത്തെ ചാണ്ടി ഉമ്മൻ എം എൽ എ യാണ് കാന്തപുരത്തിനോട് ആവശ്യപ്പെട്ടത്.

വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്. ഇന്ത്യക്കും യെമനിനും ഇടയിൽ നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ ഇനി ഈ വിഷയത്തിൽ ഒന്നും ചെയ്യാനില്ലെന്ന കേന്ദ്രസർക്കാർ നിലപാട് കൂടി വ്യക്തമാകുന്നതോടെയാണ് മറ്റ് പോം വഴികളും നോക്കുന്നത്. വധശിക്ഷ ഒഴിവാക്കാനായി ദയാധനം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും എ ജി സുപ്രീം കോടതിയിൽ അറിയിച്ചു. നയതന്ത്രപ്രതീക്ഷപോലും ഇല്ലാത്ത രാജ്യവുമായി നടത്തുന്ന ചർച്ചകൾക്കും പരമിതികളുണ്ട്.

യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനം ചെയ്ത യെമൻ പൌരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ടും മറ്റ് രേഖകളും കൈവശപ്പെടുത്തുകയും നിരന്തരം മർദ്ദിക്കുകയും ചെയ്തിതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയ പറഞ്ഞത്. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നും പറയുന്നു. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണ് എന്നതിന് യെമനിൽ രേഖകളുണ്ട്. ഇത് ക്ലിനിക് തുടങ്ങുന്നതിനുള്ള രേഖയുണ്ടാക്കാനുള്ള താത്കാലിക രേഖയാണെന്നാണ് വ്യക്തമായത്.

തലാലിന് വേറെ ഭാര്യയും കുഞ്ഞുമുണ്ട്. മർദ്ദനം സഹിക്കാൻ പറ്റാതെ വന്നതോടെ നിമിഷപ്രിയ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾ ജയിലിലായി. പുറത്തിറങ്ങിയ ശേഷം കൂടുതൽ അപകടകാരിയായി. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലെന്ന് ബോധ്യം വന്നതോടെയാണ് അനസ്തേഷ്യ മരുന്ന നൽകി മയക്കിയത്. ഉണരുന്നില്ലെന്ന് കണ്ട് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് യെമൻ കോടതിൽ നൽകിയ മൊഴി. മൃതേദഹം നശിപ്പിക്കാൻ വേണ്ടി ശ്രമിച്ചു, പരാജയപ്പെട്ടതോടെ കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാാക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. തുടർന്ന് അവിടുന്ന് ജോലിയും മാറി. പത്രത്തിൽ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. 2017 ൽ അറസ്റ്റിലായത് മുതൽ സനായിലെ ജയിലിലാണ് നിമിഷപ്രിയ.. 2020ലാണ് വിചാണ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. പിന്നാലെ ആക്ഷൺ കൊൺസിൽ രൂപീകരിച്ച് മോചന നടപടികൾ തുടങ്ങി. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഇനിയുള്ള രണ്ട് ദിവസം ഏറെ നിർണായകമാണ്. ഇപ്പോ നടക്കുന്ന ചർച്ചകളിൽ മാത്രമാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *