സ്വപ്നം മാത്രമായി തീർന്ന മരുതനായകവും ഭീമനും കർണനും; വമ്പൻ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഉപേക്ഷിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങൾ

ബ്രഹ്മാണ്ഡ പ്രഖ്യാപനം നടത്തി ഷൂട്ടിങ്ങും ആരംഭിച്ച പല ചിത്രങ്ങളും പൂർത്തിയാകാതെ സിനിമ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കമൽ ഹാസൻ നായകനായി പ്രഖ്യാപിച്ച മരുതനായകം. ഷൂട്ടിങ്ങ് നടത്തി. ​ഗാനരം​​ഗങ്ങളും പ്രധാനപ്പെട്ട സീനുകളുമെല്ലാം ചിത്രീകരിച്ചെങ്കിലും ദൗർഭാഗ്യവശാൽ സിനിമ പകുതി വഴിയിൽ നിന്നു. ചിത്രീകരണം മുടങ്ങിയതിന്റെ നിരാശ ഇന്നും കമൽ ഹാസൻ പങ്കുവയ്ക്കാറുണ്ട്.

ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരായി നിശ്ചയിക്കപ്പെട്ട പലരും ആഗോള തലത്തിൽ പ്രശസ്തരായിരുന്നു. ഇവരിൽ പ്രധാനി ചിത്രത്തിന്റെ ഛായാ​ഗ്രഹണം ഒരുക്കിയ രവി കെ ചന്ദ്രനായിരുന്നു. ചിത്രം പുറത്തിറ​ങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും സിനിമാ പ്രേമികളെ നിരാശരാക്കി ഈ സിനിമ പകുതി വഴിയിൽ മുടങ്ങി. രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെ ചിത്രം നിർമ്മിക്കുമെന്നായിരുന്നു പദ്ധതി. ഇത്തരത്തില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി 1997 പകുതിയോടെ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടത്തി.

പിന്നീട് 97 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ എം.ജി.ആര്‍ ഫിലിം സിറ്റിയില്‍ ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബതും അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയും ചേര്‍ന്ന് ഔദ്യോ​ഗിക ഷൂട്ടിങ്ങ് ഉദ്ഘാടനം നടത്തിയതോടെ മരുതനായകം തീയറ്റുകളിലേക്ക് എത്തുമെന്ന് ഉറപ്പിച്ചു. കന്നഡ സിനിമയിലെ പ്രശസ്ത നടന്‍ വിഷ്ണു വര്‍ദ്ധനും, ഹിന്ദി നടന്‍ നസറുദ്ദീന്‍ ഷായുമടക്കം തെന്നിന്ത്യയിലെ പ്രിയതാരങ്ങൾ അണിനിരക്കുന്ന ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് മരുതനായകത്തിന്റെ ചർച്ചകൾ വഴിമാറി.

1690 മുതല്‍ 1801 വരെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ എന്നീ പ്രദേശങ്ങള്‍ ഭരിച്ച രാജവംശമായ ‘ആര്‍കോട്ട്’ രാജവംശത്തിലെ സേനാനായകനായും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രാദേശിക സേനാ നായകനും, 1758 ലെ മധുര തിരുനല്‍വേലി ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന മരുതനായകം എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് യൂസഫ് ഖാന്റെ ജീവിതമായിരുന്നു കഥാപശ്ചാത്തലം.

​ഗംഭീരമായി മുന്നോട്ട് പോയ ചിത്രീകരണത്തിൽ തടസ്സം നേരിട്ടത് സാമ്പത്തികം തന്നെയായിരുന്നു. രാജ് കമൽ ഇന്റർനാഷണലസിന് ഒറ്റയ്ക്ക് ഈ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലായതോടെ സഹ നിർമ്മാതാക്കളെ തേടിയലഞ്ഞു. അന്നത്തെ കാലത്ത് 85 കോടി മുതൽ മുടക്കിൽ സിനിമ നിർമ്മിക്കാൻ സഹനിർമ്മാതാക്കൾ ആരും തന്നെ മുന്നോട്ട് എത്തിയതുമില്ല. ഒരു ബ്രട്ടീഷ് കമ്പനി താത്പര്യം അറിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഇവരും പിന്മാറി. ഇതോടെ മരുതനായകം ഒരു സ്വപ്നമായി അവശേഷിച്ചു. ഇന്ത്യൻ സിനിമ ഇന്നുവരെ കണ്ടിട്ടില്ലാ തരത്തിലുള്ള ഫ്രയിമുകളും കഥാപരിസരവുമായി സമ്പന്നമായിരുന്നു മരുതനായകം. അടുത്തിടയ്ക്ക് സിനിമ വീണ്ടുമെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അത് ഉണ്ടായില്ല.

കമൽ ഹാസന്റെ പകുതി വഴിയിൽ നിന്ന ചിത്രങ്ങൾ വേറെയും

1982 ൽ ചിത്രികരണം തുടങ്ങിയ രാജ എന്നെ മന്നിത്തു വിട് , ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. സുമലത, സുഹാസിനി, ചിന്ദ്രഹാസൻ അടക്കമുള്ള താരനിരയിലെത്തിയ ചിത്രം എന്നാൽ 15 ദിവസത്തെ ചിത്രീകരണം മാത്രമാക്കി ഉപേക്ഷിച്ചു. ഇളയരാജ ചിട്ടപ്പെടുത്തിയ ഒരു പാട്ട് കൂടി ചിത്രത്തിനായി ഒരുക്കിയിരുന്നു എന്നതാണ് ശ്രദ്ധേയം. ഇതേ വർഷം തന്നെ ടോപ്പ് ടക്കർ എന്ന ടെെറ്റിലിൽ ഭാരതി രാജയുടെ സംവിധാനത്തിൽ തമിഴ് ചിത്രം അനൗൺസ് ചെയ്തെങ്കിലും ഇതും പകുതി വഴിയിൽ നിന്നു. എന്നാൽ സിനിമയുടെ കഥയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളിൽ കുഴങ്ങി ഈ ചിത്രം നടക്കാതെ പോകുകയും പിന്നീട് കമൽഹാസനുമായി ചേർന്ന് മറ്റൊരു ചിത്രം സംവിധാനം ചെയ്തു.

ഈ രണ്ട് ചിത്രങ്ങളിൽ മാത്രമൊതുങ്ങുന്നില്ല തെന്നിന്ത്യയിൽ വിശേഷിച്ച് തമിഴിൽ കമൽ ഹാസൻ കത്തിപ്പടർന്ന സമയങ്ങളിൽ അമിതാ ബച്ചൻ, ജയലളിത, കമൽ കോമ്പോയിൽ കബർദാർ ഏറെ പ്രതീക്ഷയ്ക്ക് വഴി നൽകി. ടി. റാമറാവു സംവിധാനമൊരുക്കി പ്രഖ്യാപിച്ച ചിത്രം നിർമ്മാതാക്കളുടെ ശാഠ്യത്തിൽ മുടങ്ങിയെന്നായിരുന്നു വാർത്തകൾ എത്തിയത്. 25 ദിവസം ഷൂട്ടിങ്ങ് നടത്തി ചിത്രീകരണത്തിന്റെ പകുതിയിലേറെയും പിന്നിട്ട ചിത്രത്തിൻരെ രം​ഗങ്ങളിൽ നിർമാതാക്കൾക്ക് തൃപ്തി പോരാതെ വരികയും പിന്നീട് ചിത്രം ഉപേക്ഷിക്കുകയുമായിരുന്നു. 90കളുടെ മധ്യത്തിൽ പ്രഖ്യാപിച്ച ആദി വീരപാണ്ഡ്യനും, ഇതേ കാലയളവിൽ പ്രഖ്യാപിച്ച മാർക്കണ്ഡേയനും പകുതി വഴിയിൽ ഉപേക്ഷിച്ച കമൽഹാസൻ ചിത്രങ്ങളിൽ ഉൾപ്പെടും.

മോഹൻലാൽ ഭീമനായ എം.ടിയുടെ രണ്ടാമൂഴം

എം.ടി വാസദുദേവൻ നായരുടെ വിശ്യവിഖ്യാതമായ രണ്ടാമൂഴം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത് മലയാള പ്രേക്ഷകർക്ക് മോഹൻലാൽ ഒരുക്കുന്ന സമ്മാനമാകുമെന്ന് കരുതി. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ സിനിമ ഒരുക്കുമെന്ന് അറിയിച്ചെങ്കിലും ഒടിയൻ സിനിമയ്ക്ക് ലഭിച്ച നെ​ഗറ്റീവ് റിപ്പോർട്ടുകളോടെ മോഹൻലാൽ പിൻവലിഞ്ഞു എന്നായിരുന്നു വാർത്ത എത്തിയത്.

എന്നാൽ സിനിമ അണിയറയിൽ ഒരുങ്ങുമെന്ന് പ്രഖ്യാപിക്കുകയും എം.ടിയിൽ നിന്ന് തിരക്കഥ വാങ്ങി കരാർ ഒപ്പിട്ടെങ്കിലും ശ്രീകുമാർ മേനോനുമായി പിന്നീട് എം.ടി നിയമയുദ്ധത്തിൽ ഏർപ്പെടേണ്ടിയും വന്നു. പ്രഖ്യാപിച്ച സിനിമ മുന്നോട്ട് പോകുമെന്ന ഘട്ടത്തിൽ ആത്മവിശ്വാസം എത്തിയത് പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ്. ആയിരം കോടി മുതല്‍മുടക്കി നിര്‍മിക്കുമെന്ന് പ്രഖ്യാപനം എത്തി.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീട് സിനിമ മുടങ്ങി. എം.ടിയുടെ വിയോ​ഗത്തോടെ ചിത്ര ഏതാണ്ട് ഉപേക്ഷിച്ച മട്ടായി. ബി.ആര്‍.ഷെട്ടി ബിസിനസുകൾ പൊളിഞ്ഞ് പാപ്പരായ അവസ്ഥയും എത്തിയതോടെ ഇനി സിനിമ മുന്നോട്ടില്ലെന്നാണ് പ്രതീക്ഷിച്ചത്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കാനിരിക്കവെയായിരുന്നു സിനിമ അനിശ്ചിതത്വത്തിൽ കുടുങ്ങിയത്. അടുത്തിടെ സിനിമ എത്തുമെന്നത് അച്ഛന്റെ ആ​ഗ്രഹമാണെന്നും അത് യാഥാർത്ഥ്യമാകുമെന്ന് എം.ടിയുടെ മകൾ പ്രതികരിച്ചതും വാർത്തയായിരുന്നു.

വിക്രം നായകനായി എത്തുമെന്ന് പ്രഖ്യാപിച്ച കർണൻ

മഹാഭാരത്തിലെ കൗരവ പടയിലെ വീരൻ സൂതപുത്രനായ കർണനായി ചിയാൻ വിക്രം എത്തുമെന്ന് പ്രതീക്ഷിച്ച സിനിമയായിരുന്നു മഹാവീർ കർണൻ. 2018ൽ ഇതിന്റെ ടൈറ്റിൽ പ്രദർശനവും ചിത്രീകരണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളും ​ഗംഭീരമാക്കിയിരുന്നു. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് നടന്നത്. സുരേഷ് ഗോപി, ഉണ്ണികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കൾ ചടങ്ങിൽ പങ്കെടുത്തതും ചിത്രത്തിനായി മണി പൂജിച്ച് തേരിൽ കെട്ടുമെന്ന് പ്രഖ്യാപിച്ചതും അന്ന് വാർത്തയായിരുന്നു.

ചിത്രത്തിൽ 30 അടി ഉയരമുള്ള കർണന്റെ രഥത്തിന്റെ ഭാഗമായ ഒരു വിശുദ്ധ ക്ഷേത്ര മണി നിർമ്മാതാക്കൾക്ക് പൂജയ്ക്ക് നൽകിയതായിരുന്നു കൗതുകമായത്. മലയാളി സംവിധായകനായ ആർ.എസ് വിമൽ സംവിധാനം നിർവഹിക്കുമെന്ന് പ്രതീക്ഷിച്ച ചിത്രം പിന്നീട് ചുവപ്പുനാടയിൽ കുടുങ്ങി. 300 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ഒരു ബഹുഭാഷാ ചിത്രമായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *