അവിഹിതം ആരോപിച്ചുകൊണ്ട് കെ എസ് ആർ ടി സി വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുള്ള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിന് പിന്നാലെയാണ് നടപടി മരവിപ്പിക്കാൻ കെ എസ് ആർ ടി സി തയ്യാറായത്.
കെഎസ്ആർടിസിയിലെ സദാചാര നടപടി വലിയ വിവാദമായിരുന്നു. കെ എസ് ആര്‍ടി സിയില്‍ ഡ്രൈവറായ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഡ്രൈവറുടെ ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി. പരാതിയിൽ പറയുന്ന കാര്യത്തിൽ വസ്തുതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയത്.
അന്വേഷണത്തില്‍ കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറുമായി ദീർഘനേരം സംസാരിച്ചിരിക്കുന്നതും വ്യക്തമായിരുന്നു. സ്റ്റോപിൽ ഇറങ്ങാൻ യാത്രക്കാർ തന്നെ ബെല്ലടിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിലുണ്ടെന്ന് നടപടി ഉത്തരവില്‍ പറഞ്ഞിരുന്നു. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ മറ്റ് ബന്ധങ്ങളൊന്നും ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ നടപടിയെടുക്കാതെ യുവതിക്ക് നേരെ നടപടിയെടുത്തതാണ് വലിയ വിവാദമായത്. ഈ നടപടിയാണ് ഇപ്പോൾ പിൻവലിച്ചത്. രണ്ട് പേർ തമ്മിലുള്ള അടുപ്പത്തിൽ ഒരാൾക്കെതിരെ മാത്രം നടപടിയെടുത്തതിലും അമർഷം ഉയർന്നിരുന്നു.