ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും ഇടത് സർക്കാർ തകർത്തു: വി.ഡി സതീശൻ

കൊച്ചി:ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും തകരുകയാണ്. പത്ത് മിനിട്ടു കൊണ്ട് പരിഹരിക്കാവുന്ന നിസാരമായ ഒരു പ്രശ്‌നത്തിന്റെ പേരില്‍ തുടങ്ങിയ സംഘര്‍ഷം സര്‍വകലാശാലകളെയും വിദ്യാര്‍ത്ഥികളെയും തടവിലാക്കിയിരിക്കുകയാണ്. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എന്തിനാണ് സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഫയലുകള്‍ വി.സി നിയമിച്ച രജിസ്ട്രാര്‍ക്ക് അയയ്ക്കണോ അതോ സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ക്ക് അയ്ക്കണോയെന്ന് കേരള സര്‍വകലാശാലയിലെ ആര്‍ക്കും അറിയില്ല. വി.സി രാജ്ഭവന്റെ ആളാണെന്നു പറഞ്ഞാണ് വി.സിക്കെതിരെ സമരം നടത്തുന്നത്.

ഈ വി.സിയെ ഹെല്‍ത്ത് സര്‍വകലാശാല വി.സിയാക്കിയതും പിണറായി സര്‍ക്കാര്‍ തന്നെയാണ്. അദ്ദേഹത്തിന് ഗവര്‍ണര്‍ കേരളയുടെ അധിക ചുമതല മാത്രമാണ് നല്‍കിയിരിക്കുന്നത്. മോഹന്‍ കുന്നുമ്മല്‍ എന്ന വി.സി സംഘ്പരിവാറുകാരനാണെന്നാണ് എസ്.എഫ്.ഐയും സി.പി.എമ്മും പറയുന്നത്. സംഘ്പരിവാറുകാരനാണ് വി.സിയെങ്കില്‍ അദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി വി.സിയാക്കിയത് എന്തിനാണ്? അപ്പോള്‍ സംഘിയാണെന്നത് പരിശോധിച്ചില്ലേ?

കീം പരീക്ഷയില്‍ അവസാന നിമിഷം പ്രോസ്‌പെക്ടസ് തിരുത്തി എത്രയോ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയത്. എത്രയോ കുടുംബങ്ങളിലാണ് മാനസിക സംഘര്‍ഷമുണ്ടാക്കിയത്. എന്നിട്ടും ഉന്നത വിദ്യാഭ്യാസമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്തരുതെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും മന്ത്രി ആര്‍ക്കു വേണ്ടിയാണ് ഭേദഗതി വരുത്തിയത്? കീം പരീക്ഷാഫലത്തെ അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെയും കുളമാക്കി. കേരളം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തത്.

എന്തിനാണ് എസ്.എഫ്.ഐ സര്‍വകലാശാലകളിലേക്ക് സമരാഭാസം നടത്തുന്നത്? ഗവര്‍ണര്‍ക്കെതിരെയാണെങ്കില്‍ നിങ്ങള്‍ രാജ്ഭവനിലേക്ക് സമരം നടത്തണം. സര്‍വകലാശാല ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഈ ക്രിമിനലുകള്‍ തല്ലിയത് എന്തിനാണ്? എന്ത് സമരമാണിത്. ആരോഗ്യ രംഗത്ത് നടക്കുന്ന സമരങ്ങള്‍ മറയ്ക്കുന്നതിനു വേണ്ടി എസ്.എഫ്.ഐക്കാരെക്കൊണ്ട് സി.പി.എം നേതൃത്വം ചുടുചോറ് മാന്തിക്കുകയാണ്.- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *