തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി ഉൾപ്പടെ പ്രയോഗിച്ചു. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റാനുള്ള ശ്രമം തുടരുകയാണ്. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ രാജ്‌ഭവൻ മാർച്ചുമായി എസ്‌എഫ്‌ഐ. മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി പ്രസംഗിച്ചു.
രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച് പൊലീസ് തടഞ്ഞു. സംഘി വിസി അറബിക്കടിലിൽ എന്ന ബാനറുയർത്തിയാണ് വിദ്യാർഥികൾ രാജ്‌ഭവനിലേക്കെത്തിയത്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. അതേസമയം സംസ്ഥാന വ്യാപകമായി എസ്.എഫ്.െഎ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആർഎസ്‌എസിന് വേണ്ടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും തകർക്കാനുമുള്ള ആർഎസ്‌എസ് നീക്കം എതിർത്ത വിദ്യാർഥികളെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിയിരുന്നു. ഇതിനെ തുടർന്നാണ് രാജ്ഭനിലേക്കും ജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമുൾപ്പെടെ എസ്എഫ്ഐ മാർച്ച് നടത്തിയത്. അതേസമയം പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു , എ.െഎ.വൈഎഫ്, എം.എസ്.എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും രാജ് ഭവനിൽനിൽ നിന്നുള്ള പ്രതികരണം ഉയർന്നിട്ടില്ല.