ന്യൂഡല്‍ഹി:പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലെന്ന് സുപ്രിംകോടതി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്കരണം എന്തിനാണെന്നും സുപ്രിംകോടതി ചോദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണെന്നും കോടതി വിമർശിച്ചു. ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു.നടപടി നിർത്തലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ഒഴിവാക്കിയതാണ് പ്രധാന പ്രശ്നമെന്ന് വാദിച്ചു.