കര്‍ണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവില്‍ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാര്‍ട്ടി’ എന്ന പുതിയ ആഘോഷം യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി. എന്നാല്‍, പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് എടുക്കണം. 500 മുതല്‍ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാര്‍ട്ടി. നഗരത്തിലെ ചില ഹോട്ടലുകള്‍ പരീക്ഷണാര്‍ഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാര്‍ട്ടി’ എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാന്‍ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാന്‍മാത്രം കഴിയില്ല. കാരണം ഇത് യഥാര്‍ഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാര്ക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും. എന്നാല്‍, അതില്‍ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇണകളായി എത്തുന്നവര്‍ക്ക് അവിടെയിരുന്ന് സെല്‍ഫി എടുക്കാം.
ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തില്‍ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളില്‍ ഐടി നഗരത്തില്‍ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാര്‍ട്ടി’ സാധാരണ കാഴ്ചയായി മാറും









