തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡി എ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീസംവരണം സംബന്ധിച്ച് നിർണായക തീരുമാനത്തിലെത്തിയത്.
ബിഹാറില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ 35 ശതമാനം സംവരണമാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും സംസ്ഥാനത്ത് യൂത്ത് കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീസംവരണം സംബന്ധിച്ചുള്ള പ്രഖ്യാപനം വരുന്നത്.
സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുകയുയർത്തിയത് കഴിഞ്ഞമാസം ആദ്യമാണ് . 400 രൂപയില്‍നിന്ന് 1100 രൂപയായാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത്. ജൂലായ് മുതല്‍ വര്‍ധിപ്പിച്ച തുക അര്‍ഹരായവര്‍ക്ക് ലഭിക്കുമെന്നും എല്ലാമാസവും പത്താംതീയതി പെന്‍ഷന്‍ അക്കൗണ്ടിലെത്തുമെന്നും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അന്ന് ഉറപ്പ് നൽകിയിരുന്നു. ഈ തീരുമാനങ്ങളെല്ലാം തിരക്കിട്ട് നടപ്പിലാക്കിയതിന് പിന്നിൽ തെരഞ്ഞെടുപ്പ് അടുത്തതാണെന്ന വിമർശനം നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്നതാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.