വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായി വ്യാപാരകരാറിലേക്ക് അമേരിക്ക അടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിരവധി രാജ്യങ്ങൾക്കുമേൽ പുതിയ തീരുവകൾ ഏർപ്പെടുത്തിയപ്പോഴും ഇന്ത്യയുമായുള്ള വ്യാപാരകരാർ വൈകാതെ സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സ്വകാര്യ അത്താഴവിരുന്നിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. യുകെയുമായും ചൈനയുമായി യുഎസ് കരാറിൽ ഏർപ്പെട്ടു. യുഎസ് നിബന്ധനകൾ പാലിക്കാൻ തയാറാകാത്ത മറ്റു രാജ്യങ്ങൾ പുതിയ താരിഫ് നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഇന്ത്യയുമായി സാധ്യതയുള്ള കരാറിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചില വിട്ടുവീഴ്ചകൾക്കു സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ദക്ഷിണ കൊറിയ, ജപ്പാൻ ഉൾപ്പെട പതിനാലു രാജ്യങ്ങൾക്ക് ട്രംപ് തീരുവ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎസ് കത്തയച്ചു. കത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് പുറത്തുവിട്ടിട്ടുണ്ട്. തിരിച്ചു തീരുവ ചുമത്തിയാൽ 25 ശതമാനം ഇനിയും കൂട്ടുമെന്നും കത്തിൽ പറയുന്നു. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. ദക്ഷിണ കൊറിയ-ജപ്പാൻ 25, മ്യാൻമർ-ലാവോസ് 40, ദക്ഷിണാഫ്രിക്ക 30, കസാക്കിസ്ഥാനിൽ- മലേഷ്യ-ടുണീഷ്യ 25, ഇന്തോനേഷ്യ 32 , ബോസ്നിയ-ഹെർസഗോവിന 30, ബംഗ്ലാദേശ്- സെർബിയ 35, കംബോഡിയ-തായ്ലൻഡ് 36 ശതമാനം എന്നിങ്ങനെയാണ് വർധിപ്പിച്ച ചുങ്കനിരക്ക്.
അതേസമയം, ജനിതകമാറ്റം വരുത്തിയ വിളകൾക്കു വിപണി തുറന്നുകൊടുക്കണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായി തർക്കം നിലനിൽക്കുന്നു. ക്ഷീര മേഖലകളിലേക്കു കൂടുതൽ പ്രവേശനം ഉറപ്പാക്കാനും യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഗ്രാമീണ ഉപജീവനമാർഗത്തെയും ഭക്ഷ്യസുരക്ഷയെയുംകുറിച്ചുള്ള ആശങ്കകൾ കാരണം ഈ രണ്ട് മേഖലകളെയും നിർദ്ദിഷ്ട കരാറിന്റെ പരിധിയിൽനിന്നു മാറ്റി നിർത്താനും സാധ്യതയുണ്ട്.
ഇന്ത്യയുടെ 3.9 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിൽ കൃഷിയും അനുബന്ധ മേഖലകളും വെറും 16 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. അമേരിക്കയിൽ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതി കാർഷിമമേഖല തകർക്കും. എന്നാൽ, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പാദരക്ഷകൾ, വസ്ത്രങ്ങൾ, തുകൽ തുടങ്ങിയ കയറ്റുമതികളിൽ താരിഫ് ഇളവുകൾക്കായി ഇന്ത്യ ശ്രമം തുടരുകയാണ്.