തൃശൂർ∙ കൽദായ സഭാ മുൻ ആർച്ച് ബിഷപ് ഡോ.മാർ അപ്രേം കാലം ചെയ്തു. 85 വയസ്സായിരുന്നു. 2022ൽ ആർച്ച് ബിഷപ് പദവിയൊഴിഞ്ഞശേഷം ഹൈറോഡിലെ കൽദായ സഭാ അരമനയിൽ വിശ്രമത്തിലായിരുന്ന മാർ അപ്രേമിനെ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു മേയ് 2ന് സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 9.58നാണു വിയോഗം. കബറടക്കം പിന്നീട്. തൃശൂരിന്റെ പൗരോഹിത്യ–സാംസ്കാരിക രംഗത്തെ അപൂർവ മുഖമായിരുന്ന മാർ അപ്രേം എല്ലാ സഭകളുടെയും സമുദായങ്ങളുടെയും അടുത്ത സുഹൃത്തായിരുന്നു. തൃശൂരിന്റെ ചരിത്രം ആഴത്തിൽ പഠിച്ച അദ്ദേഹം എഴുപതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
നർമ ഭാഷകൻ, ഗായകൻ അങ്ങനെ എല്ലായിടത്തും ശ്രദ്ധ പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. 54 വർഷം അദ്ദേഹം ആർച്ച് ബിഷപ്പായിരുന്നു. മാർത്തോമ്മാ സഭയിലെ കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു (67 വർഷം) പിന്നിൽ മെത്രാപ്പൊലീത്തൻ പദവിയുടെ റെക്കോർഡിൽ രണ്ടാമനാണ്. പദവിയൊഴിഞ്ഞതോടെ പാത്രിയാർക്കൽ പ്രതിനിധിയായും വലിയ പിതാവായും സാംസ്കാരിക നഗരത്തില്‍ തുടരവേയാണ് വിയോഗം.