തിരുവനന്തപുരം: അവകാശികളില്ലാത്ത തൊണ്ടിവാഹനങ്ങള്‍ പോലീസ് സേനയിലേക്കു കണ്ടുകെട്ടാനുള്ള നീക്കമാരംഭിച്ച് പോലീസ് മേധാവി. മുന്‍ ഡിജിപി ഷേഖ് ദര്‍ബേഷ് സാഹിബ് വിരമിക്കുന്നതിനു മുന്പ് ആഭ്യന്തരവകുപ്പിന് ഇതുമായി ബന്ധപ്പെട്ടു കത്തുനൽകിയിരുന്നു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിനു വാഹനങ്ങളാണ് തൊണ്ടിയിനത്തിൽ പിടിച്ചിട്ടിരിക്കുന്നത്.
സ്റ്റേഷനുകൾ വാഹനങ്ങളുടെ ശ്മശാനമായി മാറി. നിരവധി വാഹനങ്ങൾ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ കിടക്കുന്ന വാഹനങ്ങൾ കോടതിയുടെ അനുമതിയോടെ സേനയിലേക്കു മാറ്റാനും പോലീസ് ഉപയോഗത്തിനു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിജിപിയുടെ കത്ത്. സേനയിൽ വാഹനങ്ങളുടെ കുറവും കാരണമായി ഡിജിപി ചൂണ്ടിക്കാണിക്കുന്നുണ്ട്.
15 മുതൽ 20 വര്‍ഷംവരെ പഴക്കമുള്ള വാഹനങ്ങള്‍ കണ്ടം ചെയ്യണമെന്ന നിയമമുള്ള സാഹചര്യത്തില്‍ നീക്കം പോലീസിനു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം പോലീസ് വകുപ്പിന് വാഹനങ്ങള്‍ വാങ്ങാന്‍ കോടികൾ സർക്കാർ ചെലവാക്കുന്നു. സ്റ്റേഷനുകൾക്ക് അനുവദിച്ചിരുന്ന ഇന്ധനച്ചെലവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. സാന്പത്തികപ്രതിസന്ധിയാണ് ഇതിനുകാരണം.