പുലിപ്പല്ല് വിവാദം; സുരേഷ് ​ഗോപിക്ക് നോട്ടീസ് നൽകാനൊരുങ്ങി വനം വകുപ്പ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മാലയിൽ പുലിപ്പല്ലെന്ന പരാതിയിൽ നോട്ടീസ് നൽകാൻ ഉറച്ച് വനം വകുപ്പ്. തൃശൂർ ഡി.എഫ്.ഓയ്ക്ക് മുന്നിൽ ആഭരണം ഹാജരാക്കാനാണ് നിർദേശം. വനം വകുപ്പ് ഉടൻ നോട്ടീസ് നൽകിയേക്കും. കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് എന്നുകാണിച്ചാണ് പരാതി നല്‍കിയത്. വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് പരാതിക്കാരന്‍.

പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയത്. സുരേഷ് ഗോപി ചെയ്തത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. നിലവില്‍ ഇയാള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *