കൊച്ചി: സുരേഷ് ഗോപി നായക വേഷത്തിൽ എത്തുന്ന പ്രവീണ്‍ നാരായണന് ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് നീളുമെന്ന് ഉറപ്പായി. ‘ജാനകി’ എന്ന പേരിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി മറുപടി നല്കാന് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നല്‍കാനും ജസ്റ്റിസ് എന്‍. നഗരേഷിന്റെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.
ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി ഇന്നും ആവര്‍ത്തിച്ചു. നിരവധി സിനിമകളുടെ പേരുകള്‍ക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളില്‍ മാറ്റം വരുത്താനാണോ സെൻസർബോർഡ് ആവശ്യപ്പെടുന്നത്
എന്നും കോടതി ചോദിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ എന്താണ് ജാനകി എന്ന പേരിലുള്ളത്… അതിന്റെ ന്യായവാദം അംഗീകരിക്കാനാവില്ലെന്നും കേസ് പരിഗണിക്കവേ കോടതി ചോദിച്ചു.
നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് ചിത്രത്തിൽ ജാനകി എന്ന കഥാപാത്രമെന്ന് നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഈ കഥാപാത്രം സിനിമയില്‍ പ്രതിയല്ലെന്നും, പ്രതിയുടെ പേരായിരുന്നെങ്കില്‍ എതിര്‍പ്പ് മനസിലാക്കാമായിരുന്നുവെന്നും കോടതി പറയുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ് ജാനകി എന്നിട്ടും എതിർപ്പ് ശക്തമായതിന് പിന്നിലെ ഘടകം എന്താണെന്നു കോടതി ആരാഞ്ഞു. തുടര്‍ന്നാണ് കൃത്യമായ മറുപടി സത്യവാങ്മൂലമായി നല്കാന് കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയതാണ്. എന്നാൽ ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചത് എന്നാണ് നിർമാതാക്കൾ പറയുന്നത്. ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്. കേസ് കോടതിയിലെത്തിയതോടെ റിലീസ് ഇനിയും വൈകുമെന്ന് വ്യക്തമായി.