സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സിനിമാ സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെതിരെ പ്രതിഷേധം. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ സമരത്തിൻ്റെ ഭാഗമായി.

സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന മലയാള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ ആവശ്യത്തെത്തുടർന്ന് റിലീസ് നിർത്തിവച്ചിരുന്നു. ‘ജാനകി’ എന്ന പേര് മാറ്റാൻ സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടുവെന്നാണ് നിർമ്മാതാക്കൾ പറയുന്നു. ജാനകി എന്ന പേര് ഹിന്ദു ദേവതയായ സീതയെ സൂചിപ്പിക്കുന്നുവെന്നായിരുന്നു സെൻസർ ബോർഡിൻ്റെ പ്രതികരണം. ആക്രമണത്തിന് ഇരയായ ഒരു സ്ത്രീ സംസ്ഥാനത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന കഥയാണ് ചിത്രം പറയുന്നത്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് ഒരു ദൈവത്തിന്റെ നാമം നൽകരുതെന്ന് ബോർഡ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ജൂൺ 27 ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നു. വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *