സംസ്ഥാന പൊലീസിനെ നയിക്കാൻ റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം:റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖർ.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയാവുന്നത്. ഡിഐജിയായിരിക്കെയാണ് കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷൽ ഡയറക്ടറായിരുന്നു.

സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് സ്ഥാനമൊഴിയും. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ‌ നാളെയോ മറ്റന്നാളോ ആയിരിക്കും റവാഡ ചന്ദ്രശേഖർ ചുമതലയേറ്റെടുക്കുക.

ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ‍ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡി ജി പിയാവാൻ താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം.

2008ലാണ് റവാ‍ഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. കേന്ദ്രത്തിൽ ആയിരിക്കുമ്പോഴും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി റവാഡ ചന്ദ്രശേഖർ ബന്ധം പുലർത്തിയിരുന്നു. 2026 ജൂലൈ അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. എന്നാൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാൻ കഴിയും

Leave a Reply

Your email address will not be published. Required fields are marked *