യുദ്ധമുനമ്പില്‍ നില്ക്കുന്ന ഇറാനിലെ ടെഹ്റാനില്‍ മലപ്പുറം സ്വദേശികളായ പത്തോളം പേര് കുടുങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. യുദ്ധം തുടങ്ങും മുന്‍പാണ് ഇവര്‍ ടെഹ്റാനില്‍ എത്തിയത്. ഇവര്‍ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
മലപ്പുറംകാരായ അഫ്സലും ഒമ്പത് സുഹൃത്തുക്കളുമാണ് കുടുങ്ങിപ്പോയത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി, സംഘര്‍ഷം ആരംഭിക്കുന്നതിനുമുന്പ് ടെഹ്റാനില്‍ എത്തിയതായിരുന്നു ഇവര്‍. മിസൈല്‍ ആക്രമണം നടക്കുന്നതിനാല്‍ ഇവര്‍ പുറത്തിറങ്ങാതെ ഹോട്ടലില്‍ തുടരുകയാണ്. എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും നോര്‍ക്ക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആകാശ പാത അടച്ചിരിക്കുകയാണെങ്കിലും ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാനാകുമെന്ന് ഇറാന് ഇന്ത്യയെ അറിയിച്ചു. അതിര്‍ത്തികളിലൂടെ ഇവരെ മറ്റു രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.