പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്കുന്നവര്ക്കുള്ള സമ്മാനത്തുക ഉയര്‍ത്തി. ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പാരിതോഷികമായി നല്കാന് തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ അയ്യായിരം രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാല്‍ അയ്യായിരംമുതല്‍ അന്‍പതിനായിരം രൂപവരെയാണ് പിഴ. മാലിന്യമോ ചവറോ വിസര്‍ജ്യവസ്തുക്കളോ കുടിവെള്ള സ്രോതസ്സിലോ മറ്റ് ജലാശയത്തിലോ നിക്ഷേപിച്ചാല്‍ പതിനായിരം മുതല്‍ അന്‍പതിനായിരം രൂപവരെ പിഴയും ആറുമാസംമുതല്‍ ഒരു വര്‍ഷംവരെ തടവും ലഭിക്കും.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ പതിനായിരംമുതല്‍ അന്പതിനായിരംവരെയാണ് പിഴ. മാലിന്യമോ വിസര്ജ്യവസ്തുവോ അനധികൃതമായി വാഹനങ്ങളില്‍ കടത്തിയാല്‍ വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പിലുണ്ട്. പരിസര ശുചിത്വം ഓരോ പൌരന്റെയും ഉത്തരവാദിത്തമാണെന്ന് ഓര്‍പ്പെടുത്തല്‍ കൂടിയാണിത്.
അലക്ഷ്യമായ മാലിന്യം വലിച്ചെറിയുന്ന വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം 2500 രൂപയായിരുന്നു . ഗുരുതരമായ കുറ്റകൃത്യം അറിയിക്കുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വിവരം അറിയിക്കുന്നവര്‍ക്ക് തുക കിട്ടുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഹരിതകര്‍മസേനാംഗങ്ങള്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവിഭാഗത്തെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കാനും നിര്‍ദേശമുണ്ട്. സിംഗിള്‍ വാട്സാപ്പ് നമ്പറായ 9446700800ല്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ഇതിനുവേണ്ടി കണ്ട്രോള് റൂമും സജ്ജമാക്കി.
മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിച്ചത്. കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ 5361 പരാതികള്‍ സ്വീകരിച്ചു. ഇതില്‍ 4525 എണ്ണത്തിലും മാലിന്യം നീക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. 439 പരാതികളില്‍ നിന്നായി ഇതുവരെ ചുമത്തിയത് 33.5 ലക്ഷം രൂപയാണ്. 31 പേര്‍ക്കെതിരേ നിയമനടപടികളും തുടങ്ങി. ഏറ്റവുമധികം പരാതികള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. കുറവ് വയനാടും.